X

‘ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം’: ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് ജഗദീഷ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമെന്ന് നടന്‍ ജഗദീഷ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഉമ്മന്‍ചാണ്ടിയെന്നും ജഗദീഷ് പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന്റെ പത്‌നി മറിയാമ്മക്കൊപ്പം കാനറ ബാങ്കില്‍ ഞാന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയ ബന്ധമാണ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി സര്‍. ത്യാഗം, കാരുണ്യം ഇവയുടെയെല്ലാം കൊടുമുടിയാണ് ഒരു നേതാവെന്ന നിലയില്‍ അദ്ദേഹം.

അദ്ദേഹത്തിന്റെ ജീവിതത്തിന്റെ 95 ശതമാനവും ജനങ്ങള്‍ക്കൊപ്പമായിരുന്നു. അത്രയുമൊക്കെയാകാന്‍ ബുദ്ധിമുട്ടാണ്. ഇതൊക്കെ അതിജീവിചിച്ച് എങ്ങനെയാണ് അദ്ദേഹം ഇങ്ങനെ കഴിയുന്നത് എന്നത് അദ്ഭുതമാണ്. ദൂരദര്‍ശനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അപ്പോഴും ഫ്രയിമിന്റെ രണ്ടുവശവും ആളുകളായിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഇന്റര്‍വ്യൂ നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഏത് സമയവും ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന നേതാവാണ്.

അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ വരുമ്പോഴും രാഷ്ട്രീയ നേതാക്കള്‍ക്കടക്കം അറിയാം അതിലൊരു സത്യവുമില്ലെന്ന്. ആരോപണങ്ങളെ ഇത്ര ആത്മവിശ്വാസത്തോടെ നേരിട്ട നേതാവ് വേറെയില്ല. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പത്ത് നേതാക്കളില്‍ ഒരാള്‍ ഉമ്മന്‍ചാണ്ടി സാറാണ്. മഹനായ ഒരു നേതാവ്.. മഹാനായ ഒരു മനുഷ്യന്‍’; ജഗദീഷ് പറഞ്ഞു.

ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ എത്തിയവരുടെ നീണ്ടനിരയാണ്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും.

webdesk14: