X

മോഡ്രിച്ച് മടങ്ങുമ്പോള്‍ നഷ്ടമാകുന്ന സൗന്ദര്യം

ദോഹ: മാധ്യമ പരിലാളനകളും വലിയ ഫാന്‍ ബെയ്‌സുമൊന്നുമില്ലാതെ ഒരു കൊച്ചു രാജ്യത്തെ ലോകകപ്പിന്റെ ഫൈനലിലും അടുത്ത തവണ സെമി ഫൈനലിലും എത്തിക്കുക. നിസാരമല്ലാത്ത ഈ നേട്ടം സ്വന്തമാക്കിയാണ് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലോകകപ്പിനോട് വിടപറയുന്നത്.

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോക ഫുട്‌ബോളില്‍ വാഴ്ത്തപ്പെട്ട കാലത്തു തന്നെയാണ് ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയ്‌ക്കൊപ്പം ഫുട്‌ബോളിലെ നിശബ്ദ വിപ്ലവം തീര്‍ത്തത്. മെസിയേയും സി.ആര്‍ 7നെയും പോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും മോഡ്രിച്ച് മിഡ്ഫീല്‍ഡില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ചു. ഡാവര്‍ സുക്കറും സ്യോനാവാര്‍ ബോബനും 98ല്‍ ക്രൊയേഷ്യയെ ലോകത്തിന് വിസ്മയമാക്കിയെങ്കില്‍ ഇന്ന് ലോക ഫുട്‌ബോളില്‍ ക്രൊയേഷ്യ നില്‍ക്കുന്നതിന് പിന്നില്‍ സൗമ്യനായ മോഡ്രിച്ചെന്ന 37കാരനാണ്. പോര്‍ച്ചുഗല്‍ കോച്ചുമായി പോരാടി ടീമിലിടം പോലും കിട്ടാതെ തകര്‍ന്ന മനസുമായി ക്രിസ്റ്റ്യാനോ ലോകവേദിയില്‍ നിന്ന് മടങ്ങി. മെസി ഇന്ന് കലാശക്കളിക്ക് ഇറങ്ങുന്നു. എന്നാല്‍ മോഡ്രിച്ച് മൊറോക്കോയുമായുള്ള ലൂസേഴ്‌സ് ഫൈനലിനു ശേഷം ലോകകപ്പിനോട് വിടചൊല്ലി. തല ഉയര്‍ത്തി അഭിമാനത്തോടെ തന്നെ. പ്രതിസന്ധികളോട് പടവെട്ടി അതിജീവിച്ച പോരാളിയായ ലൂക്ക മോഡ്രിച്ചിന് അങ്ങിനെ മാത്രമേ സാധിക്കൂ.

മെസി മാജിക്ക് കണ്ട അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ പകരക്കാരനെ ഇറക്കാനായി റഫറി നമ്പര്‍ ഉയര്‍ത്തിയപ്പോള്‍ അവിശ്വാസത്തോടെ ലുസൈല്‍ സ്‌റ്റേഡിയം വലിയ സ്‌ക്രീനിലേക്ക് ഒന്നു കൂടി നോക്കി. ലൂക മോഡ്രിച്ചിന് പകരം ലോവ്‌റോ മായര്‍. സ്‌റ്റേഡിയം എഴുന്നേറ്റ് നിന്നാണ് മോഡ്രിച്ചിനോട് ആദരവു കാണിച്ചത്. 37-ാം വയസിലും 20കാരന്റെ ചുറുചുറുക്കോടെ കളിക്കുന്ന മോഡ്രിച്ചിന് ഇത് അവസാന സെമി ഫൈനലായിരുന്നു. മോഡ്രിച്ച് 2024ല്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോകപ്പ് വരെ ടീമില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ക്രൊയേഷ്യന്‍ കോച്ച് ഡാലിച് പറയുന്നു. എങ്കിലും ഇക്കാര്യം മോഡ്രിച്ചിന് വിടുന്നു. അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. 2017 വരെ 11 വര്‍ഷത്തോളം ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡിഓര്‍ പുരസ്‌കാരം മെസിയും റോണാള്‍ഡോയും പങ്കിട്ടപ്പോള്‍ ആരും എതിരാളികളായി ഉണ്ടായിരുന്നില്ല. ഇത് ഭേദിച്ചാണ് മധ്യനിരക്കാരന്‍ ലൂക മോഡ്രിച്ചിന്റെ വരവ്.

പല കളിക്കാരെയും പോലെ മെസിയുടേയും റൊണാള്‍ഡോയുടേയും നിഴലില്‍ കാണാതെ പോയ മികച്ച താരമായിരുന്നു മോഡ്രിച്. പക്ഷേ 2018ല്‍ റയല്‍ മാഡ്രിഡിനെ മൂന്നാം തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലേക്കും ക്രൊയേഷ്യയെ അപ്രതീക്ഷിതമായി ലോകകപ്പ് ഫൈനലിലെത്തിക്കുകയും ചെയ്തപ്പോള്‍ മികച്ച താരം ആരെന്നതിന് കടുത്ത വിമര്‍ശകര്‍ക്ക് പോലും മോഡ്രിച്ച് എന്ന നാമത്തെ എതിര്‍ക്കാനായില്ല. നാലു വര്‍ഷത്തിനിപ്പുറം മൊറോക്കോയ്‌ക്കെതിരായ ക്രൊയേഷ്യ ലൂസേഴ്‌സ് ഫൈനല്‍ കളിക്കുമ്പോഴും ലൂക മോഡ്രിച്ച് തന്നെയാണ് ക്രൊയേഷ്യയുടെ നെടുംതൂണ്‍. അര്‍ജന്റീനക്കെതിരായ സെമി ഫൈനല്‍ വരെ മോഡ്രിച്ചായിരുന്നു ഖത്തര്‍ ലോകകപ്പില്‍ പന്ത് തിരിച്ചുപിടിച്ചവരില്‍ മുമ്പന്‍. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ 16 തവണ എതിരാളികളുമായി പന്തിന് പോരടിച്ചതില്‍ ഒമ്പതും വിജയിച്ചു.

139 ടച്ചുകളാണ് 37-ാം വയസിലും അന്ന് മോഡ്രിച്ച് നേടിയത്. പ്രതിസന്ധികളില്‍ പതറാതെ അതിജീവനത്തിന്റെ പാത സ്വയം കണ്ടെത്തിയ പോരാളിയാണ് മോഡ്രിച്ച്. ആറു വയസുള്ളപ്പോള്‍ മുത്തച്ഛനെ സെര്‍ബ് റിബലുകള്‍ വെടിവെച്ചു കൊന്നതിന് സാക്ഷിയാകേണ്ടി വന്നയാളാണ് മോഡ്രിച്ച്. വീട് ചുട്ടെരിക്കപ്പെട്ടു. ജന്‍മനാട് വിട്ടോടേണ്ടിവന്നു. അഭയാര്‍ഥിയായി മാതാപിതാക്കളോടൊപ്പം താമസിച്ച ഹോട്ടലിന്റെ മുറ്റത്ത് പന്ത് തട്ടി തുടങ്ങിയ പയ്യന്‍ ലോകകപ്പ് ആരവങ്ങള്‍ക്ക് നടുവില്‍ നിന്നും മടങ്ങുമ്പോള്‍ നഷ്ടപ്പെട്ടവനായല്ല വെട്ടിപ്പിടിച്ചവനായാണ് മടക്കം. മൃദുഭാഷിയും വിനയാന്വിതനുമായ മനുഷ്യന്‍. കോലാഹലങ്ങള്‍ക്ക് പിന്നാലെ പോകാതെ ഒതുങ്ങിക്കൂടിയുള്ള ജീവിതം. എല്ലാവരെയുംകൊണ്ട് നല്ലത് പറയിപ്പിച്ച വ്യക്തിത്വം. മെസിയുടെ അവസാന ലോകകപ്പ് മത്സരത്തിനായി ലോകം കാത്തിരിക്കുമ്പോള്‍ ലോകകപ്പ് വേദിയില്‍ നിന്നും ലൂക്ക മോഡ്രിച്ച് നിശബ്ദനായി മടങ്ങുന്നു. ഒരു പോരാളിയുടെ മടക്കം.

Test User: