X

യുദ്ധം കഴിഞ്ഞു; മോദിക്ക് രക്ഷപെടാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

2019 ലോകസഭാ തെരഞ്ഞെടുപ്പിന്റെ വരാനിരിക്കുന്ന വിധിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിമര്‍ശിച്ച പ്രധാനമന്ത്രിക്കു ശക്തമായ മറുപടിയുമായാണ് രാഹുലിന്റെ ട്വീറ്റ്.

യുദ്ധം കഴിഞ്ഞെന്നും മോദിയെ അദ്ദേഹം നടത്തിക്കൂട്ടിയ കര്‍മത്തിന്റെ ഫലം കാത്തിരിക്കുന്നുവെന്നുമാണ് രാഹുല്‍ കുറിച്ചത്. താങ്കളുടെ ഉള്‍വിചാരങ്ങള്‍ എന്റെ പിതാവിന്റെ മേല്‍ ആരോപിച്ച് രക്ഷപെടാനാവില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

മോദിക്ക് സ്‌നേഹവും ആലിംഗനവും നല്‍കുന്നുവെന്ന് പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് അവസാനിപ്പിച്ചത്.

രാജ്യത്തിന് വേണ്ടി വീര്യമൃത്യു വരിച്ച രാജീവ് ഗാന്ധിയുടെ മരണത്തെ പോലും പരിഹസിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി വിവാദ പ്രസ്താവന നടത്തിയത്. ‘താങ്കളുടെ (രാഹുല്‍ ഗാന്ധി) പിതാവ് മിസ്റ്റര്‍ ക്ലീന്‍ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകര്‍ വാഴ്ത്തിയത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്’ നരേന്ദ്ര മോദി പറഞ്ഞു. വിവാദമായ ബോഫോഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

അതേസമയം മോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രി ഇത്രയും തരംതാഴാന്‍ പാടിലെന്ന് കാണിച്ച് നിരവിധി പേര്‍ സോഷ്യല്‍ മീഡയയില്‍ രംഗത്തെത്തിക്കഴിഞ്ഞു.

നരേന്ദ്ര മോദിക്ക് അമേഠി മറുപടി നല്‍കുമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വഞ്ചകര്‍ക്ക് രാജ്യം മാപ്പ് നല്‍കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മോദിക്ക് എങ്ങിനെ ഇത്രയും തരം താഴാന്‍ സാധിക്കുന്നുവെന്നും ഗുജറാത്തിയായ ഒരാള്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയതില്‍ ആ സംസ്ഥാനത്തു നിന്നു വരുന്ന ആളെന്ന നിലക്ക് ലജ്ജ തോന്നുന്നുവെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് തലവന്‍ സാം പിത്രോഡ പറഞ്ഞു.

chandrika: