കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം. അഭിഭാഷകരായ ബി.രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയക്കുക. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയില്‍ മറുപടി ആവശ്യപ്പെട്ടാണ് നടപടി.
പ്രതികളുമായി ചേര്‍ന്ന് 20ലേറെ സാക്ഷികളെ അഭിഭാഷകന്‍ കൂറുമാറ്റിയെന്നും, നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് നടി ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. സീനിയര്‍ അഭിഭാഷകനായ ബി.രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിക്ക് ചേരാത്തതും, നിയമ വിരുദ്ധവുമാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. കേസിലെ സാക്ഷിയായ ജിന്‍സനെ സ്വാധീനിക്കാന്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ സഹായത്തോടെ ബി.രാമന്‍ പിള്ള 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും വാഗ്ദാനം ചെയ്തു. ഇതില്‍ പൊലീസ് കേസെടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാമന്‍പിള്ളക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല.
തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്റെ ഫോണുകള്‍. ഈ ഫോണ്‍ സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ദിലീപിന് കൈമാറാന്‍ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമന്‍പിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലില്‍വച്ച് തിരിച്ച് നല്‍കിയെന്നും കത്തില്‍ നടി ആരോപിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളക്കെതിരെ അന്വേഷണം സംഘം ആരോപണങ്ങളുന്നയിച്ചിരുന്നു. പിന്നാലെ വധ ഗൂഢാലോചന കേസില്‍ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.