ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ റാലികള്‍ക്കും പൊതു സമ്മേളനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം 22 വരെ നീട്ടി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
അടച്ചിട്ട മുറികളില്‍ ചേരുന്ന യോഗങ്ങള്‍ക്ക് പരമാവധി 300 പേരോ, ഹാളിലെ ഇരിപ്പിടത്തിന്റെ 50 ശതമാനമോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ച പരിധിയോ, ഏതാണ് കുറവ് അത് ബാധകമായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിനു പുറമെ പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഫെബ്രുവരി 10 മുതല്‍ ഏഴു ഘട്ടമായി വിധിയെഴുത്തിന് ഒരുങ്ങുന്നത്.
ആള്‍കൂട്ട റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ സമയപരിധി ഇന്നലെ തീരാനികിക്കെ, തിരക്കിട്ട കൂടിയാലോചനകള്‍ നടത്തിയാണ് കമ്മീഷന്‍ നിയന്ത്രണം ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായാണ് കമ്മീഷന്‍ ആദ്യം ചര്‍ച്ച നടത്തിയത്. പിന്നീട് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഓണ്‍ലൈനില്‍ കമ്മീഷന്‍ ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റാലികള്‍ക്കും പൊതു സമ്മേളനങ്ങള്‍ക്കും അനുമതി നല്‍കുന്നത് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും കൂടിയാലോചിച്ചു മാത്രമായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം ആള്‍കൂട്ട റാലികള്‍ക്ക് വിലക്ക് വീണതോടെ യു.പിയും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഗ്രാമങ്ങളിലേക്കും കവലകളിലേക്കും കേന്ദ്രീകരിച്ചിട്ടുണ്ട്. അധികം ആള്‍കൂട്ടം ചേരാത്ത പ്രാദേശിക സമ്മേളനങ്ങള്‍, കവല പ്രസംഗങ്ങള്‍, കുടുംബ യോഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകയറിയുള്ള പ്രചാരണങ്ങള്‍ എന്നിവയിലാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജനുവരി ആദ്യ വാരം യു.പിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് 1300 ശതമാനമാണ്. പഞ്ചാബിലെ ആകെയുള്ള 22ല്‍ 16 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനു മുകളിലാണ്. യു.പിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 90,000 കവിഞ്ഞിട്ടുണ്ട്. പഞ്ചാബില്‍ 60,000ത്തോളം വരും. മണിപ്പൂരും ഗോവയും ഉത്തരാഖണ്ഡും ഇതിനു താഴെയാണെങ്കിലും അപകട നിലയില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ആള്‍കൂട്ട പ്രചാരണങ്ങള്‍ക്കായി കാര്യമായ ഇളവുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ അനുവദിച്ചേക്കില്ലെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.