ഇന്ത്യയിലെ ‘ആയാറാംഗയാറാം’ രാഷ്ട്രീയത്തിന്റെ ആധുനികകാല പ്രയോക്താക്കളിലൊരാളാണ് ജെ.ഡി.യു തലവന്‍ നിതീഷ്‌കുമാര്‍. സോഷ്യലിസ്റ്റ്പ്രസ്ഥാനത്തിലൂടെ പിന്നാക്കരാഷ്ട്രീയത്തിലെത്തി കേന്ദ്രമന്ത്രിയൊക്കെയായി തിളങ്ങിയ നിതീഷ്‌കുമാര്‍ ഇത് എട്ടാംതവണയാണ് ബീഹാറിന്റെ മുഖ്യമന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റെടുത്തിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ ഇതേ കസേരയില്‍നിന്നുള്ള രാജിയും തിരിച്ചുള്ള അധികാരാരോഹണവും. വര്‍ഗീയകക്ഷിയായ ബി.ജെ.പിയുമായിചേര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന നിതീഷ്‌കുമാറും അദ്ദേഹത്തിന്റെ ഐക്യജനതാദള്‍കക്ഷിയും രായ്ക്കുരാമാനം മറുകണ്ടംചാടി പ്രതിപക്ഷത്തെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായി അധികാരംപങ്കിടാന്‍ തയ്യാറായിരിക്കുന്നു. ജനാധിപത്യമര്യാദയുടെയും രാഷ്ട്രീയനൈതികതയുടെയും പ്രശ്‌നങ്ങള്‍ ഇതില്‍ ഉത്ഭവിക്കുന്നുണ്ടെങ്കിലും അതെല്ലാം തല്‍കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ് മതേതരകക്ഷികള്‍. അതിനുകാരണം ഇതിലുംമുന്തിയ കളികളാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ഇക്കഴിഞ്ഞ കാലമത്രയും രാജ്യത്തെ വിവിധസംസ്ഥാനങ്ങളില്‍ അധികാരംമാത്രം ലക്ഷ്യമിട്ട് കളിച്ചുകൊണ്ടിരുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ നിതീഷ്‌കുമാറിന്റെ നീക്കം ബീഹാര്‍രാഷ്ട്രീയത്തിനും ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും മാത്രമല്ല, രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ക്കാകെ ആശ്വാസവും പ്രത്യാശയും പകരുന്നതാണെന്നതില്‍ സംശയമില്ല.
ബീഹാറിലെ 243 അംഗ നിയമസഭയില്‍ ആര്‍.ജെ.ഡിക്കും ജനതാദള്‍ യുണൈറ്റഡിനുംകൂടി ഭരിക്കാനുള്ള ഭൂരിപക്ഷം നേരത്തെതന്നെ ഉണ്ടായിരുന്നതാണ്. 2015ലെ മഹാസഖ്യത്തില്‍നിന്നുകൊണ്ടുള്ള തിരഞ്ഞെടുപ്പിലും ഈസഖ്യമാണ് വിജയിച്ചതും ബി.ജെ.പിയെ തറപറ്റിച്ച് അധികാരത്തിലേറിയതും. എന്നാല്‍ ഇടയ്ക്കുവെച്ച് ബി.ജെ.പിയുമായിചേര്‍ന്ന് ഭരണം അട്ടിമറിക്കുകയാണ് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ചെയ്തത്. അതുതന്നെയാണ് ഇത്തവണ ബി.ജെ.പിക്കെതിരെ നിതീഷ് ഇപ്പോള്‍ വീണ്ടുംപ്രയോഗിച്ചിരിക്കുന്നതും. സത്യത്തില്‍ ബീഹാര്‍രാഷ്ട്രീയത്തില്‍ 1.5 ശതമാനം മാത്രം വോട്ടോടെ മൂന്നാംകക്ഷിമാത്രമാണ് നിതീഷ്‌കുമാറിന്റെ ജെ.ഡി.യു. രാഷ്ട്രീയതന്ത്രജ്ഞതയും നേതൃകൗശലവുംകൊണ്ടാണ് അദ്ദേഹത്തിന് പലതവണയായി മുഖ്യമന്ത്രിപദത്തില്‍ ഇരിക്കാന്‍കഴിയുന്നത്. ബീഹാറിലും യു.പിയിലും ജാത്യാധിഷ്ഠിതരാഷ്ട്രീയകക്ഷികളില്‍ പലതും ജനാധിപത്യപരമായ നേതൃത്വത്തേക്കാള്‍ വ്യക്ത്യാധിഷ്ഠിതമാണെന്നതാണ ്‌യാഥാര്‍ത്ഥ്യം. മൂന്നാംസ്ഥാനത്തായിട്ടും നിതീഷ് മുഖ്യമന്ത്രിപദത്തിലെത്തുന്നതിന് കാരണം പാര്‍ട്ടികളുംവോട്ടുകളും മൂന്നായി വിഭജിക്കപ്പെടുന്നതുകൊണ്ടുകൂടിയാണ്. കാലങ്ങളായി ബീഹാറില്‍ ഇത്തരമൊരു ത്രികോണ രാഷ്ട്രീയംതുടങ്ങിയിട്ട്. അതിന്റെ നേട്ടംകൊയ്യുന്നത് നിതീഷ്‌കുമാറാണെന്നതാണ് മാത്രം. പിന്നാക്കരാഷ്ട്രീയത്തിന്റെ മറ്റൊരുപേരാണ് ലാലുപ്രസാദ് യാദവ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കവെ നടന്ന കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടിവന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്. ഇത് നിതീഷിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും പുത്രന്‍ തേജസ്വിയാദവിന്റെ രാഷ്ട്രീയപിന്തുണ ഇടിയാന്‍ ഇടവരുത്തുകയും ചെയ്തു.
ജാതിരാഷ്ട്രീയത്തേക്കാള്‍ അപകടകരമായ വര്‍ഗീയകളിയാണ് ബി.ജെ.പി എല്ലായിടത്തും കളിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളെ മതപരമായി തമ്മിലടിപ്പിച്ച് വോട്ട് നേടുകമാത്രമല്ല, അധികാരലബ്ധിക്കായി രാഷ്ട്രീയകക്ഷികളുടെ സാമാജികരെ ചാക്കിട്ടുപിടിച്ച് ജനവിധിക്കെതിരായി കൃത്രിമമായി ഭൂരിപക്ഷമുണ്ടാക്കി അധികാരംനേടുകയാണ് മിക്കപ്പോഴും അവര്‍ ചെയ്യുന്നത്. അതിനായി അവര്‍ കേന്ദ്രസര്‍ക്കാരിന്റെ സര്‍വാധികാരങ്ങളും ധനസൗകര്യങ്ങളും വിനിയോഗിക്കുന്നു. ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-ശിവസേന സഖ്യത്തെയാണ് ഇത്തരത്തില്‍ അവര്‍ അട്ടിമറിച്ചത്. അരുണാചല്‍പ്രദേശ്, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ മോദിയും അമിത്ഷാദികളും ഇതുതന്നെയാണ ്‌ചെയ്തതും. ഏതായാലും ആകളിക്ക് ബീഹാറില്‍ അവസരമില്ലെന്നാണ ്‌നിതീഷിന്റെ ചടുലനീക്കം വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ രാജ്യസഭാംഗമായിരുന്ന കേന്ദ്രമന്ത്രി ആര്‍.സി.പി സിംഗിനെ ചാക്കിട്ടുപിടിച്ചായിരുന്നു നിതീഷിന്റെ പാര്‍ട്ടിയെ പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം. അത് തക്കസമയത്ത് കണ്ടറിഞ്ഞത് നിതീഷിനും ബീഹാറിനും മാത്രമല്ല, മതേതരഇന്ത്യക്കാകെ ആശ്വാസമായെന്നുപറയാം. അല്ലെങ്കില്‍ മറ്റുള്ളിടത്തുപോലെ ദിവസങ്ങള്‍ക്കകം ബി.ജെ.പി ഇവിടെയും മറ്റൊരു വര്‍ഗീയസര്‍ക്കാരുണ്ടാക്കുമായിരുന്നു. ബി.ജെ.പിയുടെ ചാക്കിടല്‍രാഷ്ട്രീയം രാജ്യത്തിനി ഒരിടത്തും വിജയിച്ചുകൂടാ. സത്യപ്രതിജ്ഞചെയ്തശേഷം നിതീഷ് നടത്തിയ വെല്ലുവിളി 2024നെ മോദി ഭയക്കണമെന്നാണ്. അതുതന്നെയാണ് പൊറുതിമുട്ടുന്ന പൗരന്മാരോരുത്തരും ആവശ്യപ്പെടുന്നതും. ആ വികാരം ശരിയായി ഉള്‍ക്കൊണ്ട ജെ.ഡി.യുവും കോണ്‍ഗ്രസ്സും അടങ്ങുന്ന മതേതരസഖ്യം രാജ്യത്ത് മതേതരസര്‍ക്കാരിനെ വീണ്ടെടുണ്ടാക്കാനുള്ള പ്രായോഗികബുദ്ധിയും തന്ത്രവും ഇനി പ്രകടമാക്കട്ടെ.