X

പ്രവാസികളുടെ ആവശ്യങ്ങള്‍ അധികാരികള്‍ കേള്‍ക്കുന്നില്ല

ടി.എം കുഞ്ഞാലി

കേരളത്തിലെ പല ജില്ലകളില്‍ നിന്നുമായി സഊദിയിലേക്കും ഗള്‍ഫ് നാടുകളിലേക്കും മലയാളികളെ പറിച്ച് നട്ടിട്ട് ഏകദേശം ആറ് പതിറ്റാണ്ട് കഴിഞ്ഞു. തുടക്കം മുതല്‍ രാജ്യത്തേക്ക് അയച്ചു തുടങ്ങിയ പണം ഇപ്പോള്‍ അഥവാ 2020-21 ല്‍ ലോക ഡാറ്റാ ബാങ്കിന്റെ കണക്കനുസരിച്ച് 2.97 ലക്ഷം കോടി രൂപയാന്ന് ഇവിടങ്ങളിലെ ബാങ്കുകളില്‍ എത്തിച്ചേരുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാരുടേതാണ്. സാധാരണ ജോലി ചെയ്തു പോരുന്ന പാവപ്പെട്ട പ്രവാസിയുടേതാണ് ഈ പണത്തില്‍ കൂടുതലും. രാഷ്ട്രീയക്കാരും മന്ത്രിമാരും മതമേധാവികളും കലാകാരന്മാരും പ്രവാസികളുടെ യാതനകളേയും വേദനകളേയും കുറിച്ച് വാനോളം പ്രസംഗിക്കും. ഗള്‍ഫ് നാടുകളില്‍ വിസിറ്റിംഗിനു വരുന്ന പലരേയും ഉപഹാരങ്ങളുമായി പ്രവാസികള്‍ യാത്രയാക്കും. എല്ലാം കഴിഞ്ഞ് യാത്രയയപ്പ് യോഗത്തിലെ മറുപടി പ്രസംഗത്തില്‍ അവരില്‍ ചിലര്‍ പറയും കഷ്ടമാണ് പ്രവാസികളുടെ ജീവിതം,

ഇവിടെ വന്നപ്പോഴാന്ന് മനസ്സിലാക്കുന്നത്. അവര്‍ നാടിനും കുടുംബത്തിനും വേണ്ടി ഉരുകി ഉരുകി ജീവിക്കുകയായിരുന്നു. ഒന്ന് നിവര്‍ന്ന് കിടന്നുറങ്ങാന്‍ കഴിയാത്തവര്‍ സമയത്ത് ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥ എന്നെ വല്ലാതെ വേദനിപ്പിച്ചു’. നാട്ടിലെത്തിയാല്‍ നിങ്ങള്‍ക്കുവേണ്ടി ആവശ്യമായ ഇടപെടലുകള്‍ നടത്തി തുടര്‍ന്നുള്ള ജീവിതം മെച്ചപ്പെടുത്താനും നാട്ടിലും വിദേശത്തും പ്രവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും മുന്നില്‍ ഉണ്ടാകുമെന്ന വാക്കുകള്‍ നല്‍കും.

ഈ പ്രയാണം അന്നും ഇന്നും അനുസ്യൂതം തുടരുന്നു. പോയ അമ്പതുവര്‍ഷത്തിനിടയില്‍ ഉത്തരം ലഭ്യമാകാതെ പഴായിപോയ നിരവധി സമരങ്ങളും ധര്‍ണ്ണകളും ‘പ്രേത’മായി അലഞ്ഞു തിരിഞ്ഞു നടക്കുന്നു. വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ വന്നിറങ്ങനായി നടത്തിയ കരിപ്പൂര്‍ എയര്‍പോര്‍ട്ട് ധര്‍ണ്ണ, അവകാശങ്ങള്‍ക്കായി ഡല്‍ഹിയില്‍ പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ ചരിത്ര സംഭവമാക്കിയ സമരം, തിരുവനന്തപുരം സെക്രട്ടറിയേറ്റിലും രാജ്ഭവനിലും നടത്തിയ നിരവധി സമരങ്ങളും ധര്‍ണ്ണയും അവിടെയെല്ലാം മുഖ്യവിഷയം പ്രവാസി പുനരധിവാസമായിരുന്നു. മലപ്പുറത്ത്‌നിന്നും എയര്‍ ഇന്ത്യ ആപ്പീസും പാസ്‌പോര്‍ട്ട് ആപ്പീസും നിര്‍വ്വീര്യമാക്കി തൊട്ടടുത്ത പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മാറ്റുന്നതിനെതിരെയും പ്രവാസി സമൂഹത്തിന്റെ നിരവധി ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി മലപ്പുറം കലക്ടറേറ്റിലും കോഴിക്കോട് കലക്ടറേറ്റിലും നടത്തിയ സമരങ്ങള്‍.. അങ്ങനെ എണ്ണമറ്റതും വൈവിധ്യമര്‍ന്നതുമായ സമരങ്ങള്‍കൊണ്ട് സര്‍ക്കാര്‍ സിരാകേന്ദ്രങ്ങള്‍ പിടിച്ചു കുലുക്കാന്‍ പ്രവാസി സമരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം 2021ല്‍ എത്തിനില്‍ക്കുമ്പോഴും പതിറ്റാണ്ട് പഴക്കമുള്ള പുനരധിവാസവും പ്രവാസികളുടെ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സമരത്തിന്റെ പഴയ മുഖത്താണ് ഇപ്പോഴും പ്രവാസികള്‍ എന്നത് വിലയിരുത്തേണ്ടതുണ്ട്. പെന്‍ഷന്‍ ചുരുങ്ങിയത് അയ്യായിരം രൂപ ആക്കുക, യാത്രാക്ലേശങ്ങള്‍, വോട്ടവകാശം, എയര്‍പോര്‍ട്ട് കേന്ദ്രമാക്കി നടന്നുകൊണ്ടിരിക്കുന്ന പകല്‍കൊള്ള, കരിപ്പൂരില്‍ നിന്നുള്ള #ൈറ്റ് ടിക്കറ്റ് വര്‍ധനവ്, കോവിഡ് കാലത്തെ സഹായങ്ങള്‍, പ്രവാസികള്‍ക്ക് ചെറിയ വ്യവസായം തുടങ്ങാനുള്ള ബാങ്ക് സഹായം, വിസ തീര്‍ന്ന് നാട്ടില്‍ തങ്ങേണ്ടിവന്നവര്‍ തുടങ്ങിയ ആവശ്യങ്ങളും അവകാശങ്ങളും ഇന്നും തുടരുന്നു. യു.ഡി.എഫ് സര്‍ക്കാരുകളും മുസ് ലിം ലീഗ് എന്ന വലിയ പ്രസ്ഥാനവുമാണ് അന്നും ഇന്നും പ്രവാസിയുടെ തണല്‍.

ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ പ്രവാസികള്‍ക്കായി എന്തെങ്കിലും ചെയ്‌തെന്ന് പറയാന്‍ ഒന്നും തന്നെ ഇല്ല. പ്രവാസികളുടെ വര്‍ത്തമാനകാല ചരിത്രത്തില്‍ ആ സമരങ്ങളെല്ലാം ഉത്തരം കിട്ടാതെ കാലഹരണപ്പെട്ട് പോയി… ഇപ്പോഴും പ്രവാസികള്‍ക്ക് വാഗ്ദാനങ്ങള്‍ക്ക് കുറവില്ല.

 

 

 

Test User: