കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഗുരുതരമായ പര്‍ച്ചേഴ്‌സ് വീഴ്ച നടന്നതായി ഓഡിറ്റ് വകുപ്പ് കണ്ടെത്തല്‍. കോവിഡ് കാലത്ത് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് കോവിഡ് സാമഗ്രികള്‍ വാങ്ങാനായി പണം ചെലവാക്കിയെങ്കിലും കോവിഡ് കഴിഞ്ഞിട്ടും സാമഗ്രികള്‍ എത്തിക്കാനായില്ല. 10 ലക്ഷം രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് പണം ചെലവാക്കിയെങ്കിലും 1.86 ലക്ഷം രൂപയ്ക്കുള്ള സാമഗ്രികള്‍ കോവിഡ് കഴിഞ്ഞിട്ടും ആശുപത്രിയില്‍ എത്തിയില്ല.
കോവിഡ് പ്രതിരോധത്തിനാണ് പ്രോജക്ട് നടപ്പാക്കിയതെങ്കിലും യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ കോവിഡ് കാലത്ത് പ്രയോജനപ്പെട്ടില്ല. അടിയന്തര സാഹചര്യം ആയതിനാലാണ് കരാറില്‍ ഒപ്പിടാതെ പണം അടച്ചതെന്നാണ് ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പണം നല്‍കിയ ശേഷം നിരന്തരം കെഎംഎസ്‌സിഎല്ലുമായി ബന്ധപ്പെട്ടെങ്കിലും സാധനങ്ങള്‍ വിതരണം ചെയ്തില്ലെന്നും ഇവര്‍ ഓഡിറ്റ് വകുപ്പിനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
ഒരു കരാറുമില്ലാതെ തുക കൈമാറിയത് ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും പണം പലിശ സഹിതം ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കണമെന്നും കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.കോവിഡിന്റെ അവസാന കാലത്ത്, കഴിഞ്ഞ വര്‍ഷം ജനുവരിമാര്‍ച്ച് കാലങ്ങളില്‍ നടത്തിയ പര്‍ച്ചേസിലാണ് വീഴ്ച. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, സിഡ്‌കോ എന്നിവരില്‍ നിന്ന് പ്രതിരോധ സാമഗ്രികള്‍ വാങ്ങാനായിരുന്നു തീരുമാനം.
1.86 ലക്ഷം രൂപയ്ക്കുള്ള എന്‍ 95 മാസ്‌ക്കുകള്‍, സര്‍ജിക്കല്‍ ഗൗണുകള്‍, ഏപ്രണുകള്‍, ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, വോക്കര്‍, ഇസിഡി മെഷീന്‍, സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എന്നിവ കോവിഡ് കഴിഞ്ഞിട്ടും ആശുപത്രിയില്‍ എത്തിയില്ല. ബാക്കി തുകയ്ക്ക് എത്തിച്ച ഉപകരണങ്ങളില്‍ തന്നെ വിലയില്‍ വന്‍വ്യത്യാസമുണ്ട്. ഓര്‍ഡര്‍ ചെയ്ത സമയത്തെ ഉയര്‍ന്ന വിലയ്ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. എത്ര സമയത്തിനുള്ളില്‍ സാമഗ്രികള്‍ എത്തിക്കണം എന്നു പറയാത്തതു കൊണ്ടാണ് ഇതു സംഭവിച്ചത്. ആകെ കൈമാറിയ തുകയ്ക്ക് ആനുപാതികമായി സാമഗ്രികള്‍ വിതരണം ചെയ്തില്ല. ബാക്കി നല്‍കേണ്ട തുക ജില്ലാ പഞ്ചായത്തിനു കൈമാറുകയും ചെയ്തില്ല.
സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന വാങ്ങലുകളില്‍ സപ്ലൈ ഓര്‍ഡറിനൊപ്പം കരാറിന്റെ കരട് കൂടി നല്‍കണം. കരാറില്‍ ഒപ്പിട്ട ശേഷം മാത്രം സാധനങ്ങള്‍ അയച്ചാല്‍ മതിയെന്നു നിര്‍ദേശിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം കരാര്‍ ഇല്ലാത്തതിനാല്‍ പണം വാങ്ങിയിട്ടും സാധനങ്ങള്‍ വിതരണം ചെയ്യാത്ത കമ്പനികള്‍ക്കെതിരെ നിയമ നടപടി എടുക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.