ഇംഫാല്‍: കലാപം കെട്ടടങ്ങാത്ത മണിപ്പൂരില്‍ ഈ മാസം 29 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് ഗവര്‍ണര്‍. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് മൂന്നു വരെ ബജറ്റ് സമ്മേളനത്തിനായാണ് നിയമസഭ അവസാനമായി ചേര്‍ന്നത്. മെയ് മൂന്നിന് സംസ്ഥാനത്ത് ആരംഭിച്ച കലാപത്തിനു ശേഷം ഈ മാസം 21 ന് നിയമസഭ വിളിച്ചു ചേര്‍ക്കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നത്. ഇത് പിന്നീട് 28 ആക്കി മാറ്റിയിരുന്നു. ഒരു മാസമായി നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ മെയ്തി വിഭാഗക്കാരും പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതേ സമയം കുകി വിഭാഗക്കാരുടെ എതിര്‍പ്പ് കാരണം 10 കുകി എം.എല്‍.എമാര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലിലാണ് നിയമസഭ സമ്മേളനം നടക്കുന്നതെന്നതിനാല്‍ കുകി എം.എല്‍.എമാര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. നാഗ വിഭാഗക്കാരായ എം.എല്‍.എമാര്‍ സമ്മേളനത്തിനെത്തും.
കലാപം കെട്ടടങ്ങാത്ത മണിപ്പൂരില്‍ നിയമസഭാ സമ്മേളനം 29 മുതല്‍
Tags: manipur