മസ്ജിദുനബവിയുടെ അതിവിശാലമായ മുറ്റത്തേക്ക് പ്രവേശിക്കുന്നതിന് ചുറ്റും ധാരാളം ഗേറ്റുകളുണ്ട്. പ്രവേശിക്കുന്ന ഗേറ്റിന്റെ നമ്പരും പേരും ഓര്‍ത്ത്‌വെക്കുക. മുറ്റത്തിന്റെ അണ്ടര്‍ഗ്രൗണ്ടില്‍ ടോയ്‌ലറ്റ് സൗകര്യങ്ങളും പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ടോയ്‌ലറ്റിലേക്കുള്ള പ്രവേശന കവാടങ്ങള്‍ മുറ്റത്ത് കാണാന്‍ സാധിക്കും. അതിന്റെ നമ്പര്‍ ശ്രദ്ധിക്കുക. പള്ളിയില്‍ നിന്ന് തിരിച്ച് പോരുമ്പോള്‍ ഒത്ത്കൂടേണ്ട സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കുക. മസ്ജിദുന്നബവിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രാര്‍ഥന സ്ഥലങ്ങള്‍ ആണുള്ളത്. പ്രവേശന കവാടങ്ങള്‍ക്ക് പേരും നമ്പരും ഉണ്ട്. പ്രവേശിക്കുന്നതിന് മുമ്പ് അത് ഓര്‍മയില്‍ സൂക്ഷിക്കുക. ലോകത്തിന് സമാധാനമായി നിയോഗിച്ച അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പള്ളിയായ മസ്ജിദുന്നബവിയിലേക്ക്, അതിന്റെ പ്രാധാന്യവും പവിത്രതയും ഓര്‍ത്ത് പ്രാര്‍ഥനയോടെ പ്രവേശിക്കുക. മസ്ജിദുല്‍ ഹറമൊഴികെ ലോകത്തുള്ള മറ്റു പള്ളികളേക്കാള്‍ 1000 മടങ്ങ് പ്രതിഫലമാണ് മസ്ജിദുന്നബവിയിലെ ആരാധനക്കുള്ളത്. ദിക്‌റുകളും ദുആകളും ഖുര്‍ആന്‍ പാരായണവുമായി പള്ളിയില്‍ കഴിയുക. മസ്ജിദുന്നബവിയോട് ചേര്‍ന്നുള്ള വീട്ടിലാണ് നബി(സ) പത്‌നി ആയിഷ (റ)യും താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് നബി(സ) വഫാത്തായതും. ആ സ്ഥലത്ത് തന്നെയാണ് തങ്ങളെ ഖബറടക്കിയതും. നബി (സ) യുടെ വീടിന്റെയും നബി ഉപയോഗിച്ചിരുന്ന മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം പച്ച കലര്‍ന്ന കാര്‍പ്പറ്റ് വിരിച്ചതായി കാണാം. ഇതാണ് റൗളാശരീഫ്. സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു തോപ്പ് ആണ് പരിശുദ്ധ റൗള എന്ന് നബി(സ) അരുളിയിട്ടുണ്ട്. അവിടെ വച്ച് നമസ്‌കരിക്കലും മറ്റ് കര്‍മങ്ങള്‍ ചെയ്യുന്നതും ഏറെ പുണ്യകരമാണ്. റൗളയില്‍ എപ്പോഴും നല്ല തിരക്കുണ്ടാവും. സാവധാനത്തില്‍ അവിടെ പ്രവേശിച്ച് നമസ്‌കാരം, ദുആ എന്നിവക്ക് ശേഷം മറ്റുള്ളവര്‍ക്ക് സൗകര്യപ്പെടുത്തുക. സ്ത്രീകള്‍ക്ക് റൗളയില്‍ പ്രാര്‍ഥിക്കുന്നതിനും ഖബര്‍ സിയാറത്തിനും പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്. റൗളയുടെ മുന്‍ഭാഗത്ത് നിന്ന് ഇടത് വശത്തേക്ക് അല്‍പം മുന്നോട്ട് നീങ്ങിയാല്‍ ഇടത് വശത്ത് നബി(സ) യുടെയും തുടര്‍ന്ന് അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെയും ഖബറുകള്‍ ഉണ്ട്. ക്യൂ പാലിച്ച് ഇവ സന്ദര്‍ശിക്കാവുന്നതാണ്. ഓരോരുത്തരുടെയും ഖബറിന്റെ അടുത്തെത്തുമ്പോള്‍ സലാം പറയേണ്ടതാണ്.
ചരിത്ര പ്രാധാന്യമുള്ള ധാരാളം സ്ഥലങ്ങള്‍ മദീനയിലും സമീപ പ്രദേശങ്ങളിലുമുണ്ട്. ധാരാളം സ്വഹാബിമാരെ മറവ് ചെയ്ത ജന്നത്തുല്‍ ബഖീഅ് പള്ളിയുടെ തൊട്ടടുത്താണ്. ഉഹ്ദ്, ഖന്തഖ് യുദ്ധ പ്രദേശങ്ങള്‍, മസ്ജിദുല്‍ ഖുബ, മസ്ജിദുല്‍ ഖിബ്‌ലതൈന്‍, ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ്, മ്യൂസിയം എന്നിവ സന്ദര്‍ശിക്കാവുന്നതാണ്. 10-15 റിയാല്‍ നല്‍കിയാല്‍ ടാക്‌സികളിലോ ടൂറിസ്റ്റ് ബസിലോ പോകാന്‍ കഴിയും. മദീനയില്‍ മിക്കവാറും തണുപ്പാണനുഭവപ്പെടുക. പെട്ടെന്ന് മാറ്റമുണ്ടാകുന്ന കാലാവസ്ഥയാണവിടെ. അത്‌കൊണ്ട് പുറത്തിറങ്ങുമ്പോള്‍ തണുപ്പിനുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് സുരക്ഷിതമായിരിക്കും. അഞ്ച് ബ്രാഞ്ച് ആശുപത്രികളും ഒരു മെയിന്‍ ആശുപത്രിയും ഉള്‍പ്പടെയുള്ള ചികിത്സാസൗകര്യങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് മദീനയിലുണ്ട്. സഊദി സര്‍ക്കാര്‍ വക ഹൈടെക് ആശുപത്രികളുമുണ്ട്. ആവശ്യമെങ്കില്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
നാട്ടില്‍ നിന്ന് മദീനയിലേക്കു പുറപ്പെടുന്ന ഹാജിമാര്‍ അവരുടെ യാത്ര തിയ്യതിക്കനുസരിച്ച് മദീനയില്‍ എത്തി എട്ടു ദിവസത്തിന്‌ശേഷം പുണ്യ മക്കയിലേക്ക് കൊണ്ട് പോകും. മുഴുവന്‍ ലഗേജുകളും മക്കയിലേക്ക് കൊണ്ട് പോകണം. മക്കയില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴി ആയിരിക്കും മടക്ക യാത്ര. മദീനയില്‍ നിന്ന് മക്കയിലേക്കുള്ള ദൂരം 450 കി.മീ ആണ്. ഇതിന് ഏകദേശം 10 മണിക്കൂര്‍ ബസ് യാത്രയുണ്ടാവും. യാത്രക്കിടയില്‍ നമസ്‌കാരം, ഭക്ഷണം തുടങ്ങിയവ നിര്‍വഹിക്കുന്നതിന് സൗകര്യമുള്ള സ്ഥലത്ത് ബസ് നിര്‍ത്തും. മദീനയില്‍ നിന്നും പുറപ്പെട്ട് ഏകദേശം 10 കിലോമീറ്റര്‍ കഴിഞ്ഞാല്‍ ദുല്‍ ഉലൈഫാ മീകാത്തില്‍ എത്തും. അവിടെ വെച്ചാണ് ഉംറക്ക് ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടത്. ഇഹ്‌റാമില്‍ പ്രവേശിക്കാനുള്ള കുളിയും മറ്റും മദീനയിലെ റൂമില്‍ വെച്ച് തന്നെ ചെയ്യുന്നതാണ് നല്ലത്. മക്കയില്‍ പ്രവേശിക്കുന്നതിന്മുമ്പ് ചെക്ക്‌പോസ്റ്റില്‍ അഥവാ പില്‍ഗ്രിം റിസപ്ഷന്‍ സെന്ററില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ പരിശോധന നടത്തും. അവിടെ വെച്ച് സംസവും ഈത്തപ്പഴവും ലഭിക്കും. ബസില്‍ വെച്ച് മുതവ്വിഫിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള അഡ്രസ് എഴുതിയ മഞ്ഞ നിറത്തിലുള്ള വളയും നിങ്ങളുടെ പേര്, പാസ്‌പോര്‍ട് നമ്പര്‍ മുതലായവ രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച മഞ്ഞ നിറത്തിലുള്ള ഐഡന്റിറ്റികാര്‍ഡും മുതവ്വിഫില്‍ നിന്നും ലഭിക്കും. വളകളും ഐഡന്റിറ്റി കാര്‍ഡുകളും, എപ്പോഴും ധരിക്കേണ്ടതാണ്. താമസ സ്ഥലത്ത് അനുവദിച്ച മുറിയില്‍ ലഗേജുമായി പ്രവേശിക്കുക. നമ്മുടേതല്ലാത്ത ലഗേജുകള്‍ ഒരിക്കലും റൂമുകളില്‍ വെക്കരുത്. അത്തരം ലഗേജുകള്‍ റൂമിന് പുറത്ത് വെക്കുക. മക്കയില്‍ നിന്ന് 78 കി.മീ ദൂരത്താണ് അസീസിയ കാറ്റഗറി ബില്‍ഡിങ്ങുകള്‍. ഈ വര്‍ഷം അസീസിയ കാറ്റഗറി മാത്രമേ ഉള്ളൂ. അസീസിയയിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കും. ഓരോരുത്തര്‍ക്കും കട്ടില്‍, ബെഡ്, തലയണ വിരിപ്പ്, കമ്പിളി എന്നിവ ലഭിക്കും. കോമണ്‍ ബാത്ത്‌റൂം അടുക്കള ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. യാത്രാക്ഷീണം തീര്‍ക്കാന്‍ റൂമില്‍ വിശ്രമിക്കുക. പിന്നീട് വോളണ്ടിയറുടെ നേതൃത്വത്തിലോ അല്ലെങ്കില്‍ അടുത്തടുത്തുള്ള റൂമുകളിലെ ഹാജിമാര്‍ ഒരുമിച്ചോ ഉംറ നിര്‍വഹിക്കുന്നതിനായി മസ്ജിദുല്‍ ഹറമിലേക്ക് പുറപ്പെടുക. ഹറമിലേക്കുള്ള റൂട്ട് മനസിലാക്കുക. അസീസിയ കാറ്റഗറിക്കാര്‍ ബസ്‌സ്റ്റേഷനും ബസിന്റെ നമ്പറും മനസ്സിലാക്കുക. കഅബാലയം കാണുന്നത് വരെ തല്‍ബിയ്യത്ത് ചൊല്ലികൊണ്ടിരിക്കുക.
(തുടരും)