കേരള ബാങ്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന കുടിശക നിവാരണ പദ്ധതി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സഹകരണവകുപ്പ് മന്ത്രിക്കും കത്ത് നല്‍കി.
കത്ത് പൂര്‍ണരൂപത്തില്‍
വായ്പാ കുടിശികയെ തുടര്‍ന്ന് സംസ്ഥാനത്ത് പതിനായിരക്കണക്കിന് പേര്‍ക്കാണ് കേരള ബാങ്കില്‍ നിന്നും സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 31 വരെ കുടിശിക നിവാരണ മാസമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിരവധി പേര്‍ക്ക് വായ്പാ കുടിശിക തരിച്ചടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സ്വാഭാവികമായും അടുത്ത ഘട്ടമായി ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക് കടക്കും.
പ്രളയവും കോവിഡ് മഹാമാരിയും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പലരും ഇപ്പോഴും കരകയറിയിട്ടില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കുടിശിക തീര്‍ക്കാനുള്ള അവസരം എപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ച് നല്‍കണം. ഇതിനായി കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.