X

വനമേഖല വളഞ്ഞ് സൈന്യം; ജമ്മുവില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു

ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേര്‍നാഗ് വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനു കൂടി വീരമൃത്യു. വ്യാഴാഴ്ച മുതല്‍ കാണാതയ സൈനികനാണ് ജീവന്‍ നഷ്ടമായത്. കൊകോരെനാഗിലെ നിബിഡ വനങ്ങളില്‍ ഭീകരരെ തുരത്താന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ആരംഭിച്ച സംയുക്ത ഓപ്പറേഷനിടെ നേരത്തെ മൂന്ന് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം നാലായി.

അതേസമയം, ഇന്നലെ മരിച്ച സൈനികനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ കരസേനയിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധന്‍ചോക്, ജമ്മു കശ്മീര്‍ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ മുസമ്മില്‍ ഭട്ട് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രജൗറിയില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അനന്ത്‌നാഗ് മേഖലയില്‍ ഭീകരര്‍ക്കെതിരായ സംയുക്ത ഓപ്പറേഷനില്‍, ഭീകരരുടെ ഒളിത്താവളം എന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഗ്രനേഡുകള്‍ വര്‍ഷിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരരുടെ സംഘത്തെ ലക്ഷ്യമിട്ട് ഗ്രനേഡ് ലോഞ്ചറുകളും സൈന്യം ഉപയോഗിക്കുന്നുണ്ട്.

സെപ്തംബര്‍ 12,13 അര്‍ധരാത്രിയിലാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചത്. ഗരോള്‍ ഗ്രാമത്തില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിലാണു കൊകോരെനാഗിലെ നിബിഡവനത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഭീകരര്‍ ഒളിത്താവളത്തിലുണ്ടെന്ന നിഗമനത്തിലെത്തിയത്.

webdesk11: