X

ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നെന്ന് സൈന്യം; പ്രതികൂല കാലാവസ്ഥ, ദൗത്യം അതികഠിനം

മനുഷ്യനെക്കാള്‍ ഉയരമുള്ള പടുകൂറ്റന്‍ പാറകള്‍, തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങള്‍, ചുറ്റും ചെളിയും മണ്ണും. കുതിച്ചെത്തിയ ഉരുള്‍ ഒരു വലിയ പ്രദേശത്തേക്കുള്ള ആകെയുള്ള സഞ്ചാരമാര്‍ഗമായ പാലമുള്‍പ്പെടെ കവര്‍ന്നു. ഇതോടെ ദുരന്തമേഖലയില്‍ കുടുങ്ങിയത് നൂറില്‍ കൂടുതല്‍ മനുഷ്യര്‍.. മലവെള്ളത്തില്‍ ചാലിയാറിലൂടെ കിലോമീറ്ററുകളോളം ഒഴുകിപ്പോയതും നിരവധിപേര്‍. മണ്ണിനടിയില്‍ അകപ്പെട്ടവരെത്രയെന്ന് ഇനിയും വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ സൈന്യത്തിന്റെ കൈത്താങ്ങിനുമുന്നില്‍ കേരളമൊന്നാകെ കരങ്ങള്‍ കൂപ്പുന്നു.

രാജ്യം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള – കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു. ഇത്രയും ദൂരത്തിലും വ്യാപ്തിയിലും വലിയ അളവില്‍ പ്രദേശങ്ങള്‍ മണ്ണിനടിയിലാകുന്നത് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഉത്തരാഘണ്ഡിലടക്കം രക്ഷാ പ്രവര്‍ത്തനം നടത്തിയിട്ടുള്ള സംഘം, ഇത്രയും വ്യാപ്തിയില്‍ 3 വലിയ പ്രദേശങ്ങള്‍ (പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല) പ്രകൃതിദുരന്തത്തിന് ഇരയായതും ഇത്രയും മനുഷ്യര്‍ മരണപ്പെടുന്നതും ആദ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ സൈന്യം പതറാതെ മുന്നില്‍ നിന്ന് നയിച്ചു. ഉരുള്‍പ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് നിന്ന്, മുമ്പേ ആളുകളെ മാറ്റി പാര്‍പ്പിച്ചെങ്കിലും ഇരുപതോളം ആളുകള്‍ അവിടെ കുടുങ്ങിയിരുന്നു. ഇവിടേക്ക് എത്തിചേരാനും ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എത്തിക്കുക എന്നതും ശ്രമകരമായ ദൗത്യമായിരുന്നു. വനത്തിലൂടെയും പുഴയിലൂടെയും ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിച്ചെത്തിയ സൈന്യം ഉയരത്തില്‍നിന്ന് സാഹസികമായി ഇറങ്ങിയാണ് 19 പേരെയും രക്ഷപ്പെടുത്തിയത്.

സൈന്യത്തിന്റെ രക്ഷാകരമെത്തിയതോടെയാണ്, സംസ്ഥാനം കണ്ടതില്‍ ഏറ്റവും വലിയ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും കഴിഞ്ഞത്. താത്കാലിക പാലം നിര്‍മ്മിച്ച് മുണ്ടക്കൈയുമായുള്ള ബന്ധം വീണ്ടെടുത്തതോടെയാണ് മേഖലയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ സാധിച്ചത്. പരിമിതികള്‍ക്ക് നടുവില്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളിലൂടെയും ദുരന്തഭൂമി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനാകും. രാത്രി വൈകിയും നിര്‍മാണവുമായി മുന്നോട്ട് പോയതിനാലാണ് പാലം നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാനായത്.

ദുരന്തമുണ്ടായി ആദ്യ ദിനം മുതല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനവുമായി സജീവമാണ് സൈന്യം. 500 ഓളം സൈനികര്‍ വിവിധമേഖലകളിലായി ദുരിതബാധിതമേഖലയിലുണ്ട്. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികരും മേഖലയിലുണ്ട്. രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്നതുവരെ സൈന്യം മേഖലയില്‍ തുടരും. പുതിയ പാലം നിര്‍മ്മിക്കുന്നത് വരെ ബെയ്ലി പാലം ഇവിടെ നിലനിര്‍ത്താനാണ് സൈന്യത്തിന്റെ തീരുമാനമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു വ്യക്തമാക്കി. കൂടുതല്‍ സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകള്‍ കാണാനില്ല, മണ്ണിടിയാനുള്ള സാധ്യത, കനത്ത മഴ. രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നുവെന്ന് സൈനികര്‍ പറയുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ രക്ഷാമാര്‍?ഗങ്ങള്‍ കണ്ടെത്തി മേജര്‍ ജനറല്‍ വിനോദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ആദ്യ ദിനം മുതല്‍ മേഖലയില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏകോപിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന ദിനം വരെയും സൈന്യം മേഖലയില്‍ തുടരുമെന്നത് വലിയ ആശ്വാസമാണ് പകരുന്നത്.

webdesk13: