കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണ. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തന്നെ വീണ്ടും അവസരം നല്‍കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ആദ്യ രണ്ടു വര്‍ഷത്തേക്കായിരിക്കും സിദ്ധരാമയ്യക്ക് അവസരമെന്നും തുടര്‍ന്നുള്ള മൂന്നുവര്‍ഷം മുഖ്യമന്ത്രി പദം ഡി.കെ ശിവകുമാറിന് കൈമാറാന്‍ ചര്‍ച്ചയില്‍ ധാരണ ആയതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ബെംഗളൂരുവില്‍ നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നെടുംതൂണായി നിന്ന സിദ്ധരാമയ്യയുമായും ഡി.കെ ശിവകുമാറുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തിയാണ് സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ ഖാര്‍ഗെ ധാരണയിലെത്തിയത്. പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് നിയുക്ത എം.എല്‍.എമാരുടെ നിര്‍ദേശം നിരീക്ഷക സംഘം കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ട് ആയി ഹൈക്കമാന്‍ഡിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. സിദ്ധരാമയ്യയുമായി കഴിഞ്ഞ ദിവസം തന്നെ ഖാര്‍ഗെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ ഡല്‍ഹിയിലെത്തിയ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറുമായും ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദവും പി.സി.സി അധ്യക്ഷ സ്ഥാനവും എന്ന നിര്‍ദേശമാണ് ശിവകുമാര്‍ ഖാര്‍ഗെക്ക് മുന്നില്‍ വച്ച നിര്‍ദേശം എന്നാണ് വിവരം. ഇത് ഖാര്‍ഗെ അംഗീകരിക്കുകയും സിദ്ധരാമയ്യയെ നേരിട്ട് തീരുമാനം അറിയിക്കുകയും ആയിരുന്നു. കൂടാതെ ആഭ്യന്തര വകുപ്പും ശിവകുമാറിന് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. പൊതുഭരണം ഉള്‍പ്പെടെയുള്ള വകുപ്പുകളായിരിക്കും സിദ്ധരാമയ്യക്ക് ലഭിക്കുക.
മന്ത്രിസഭയില്‍ ഡി.കെ ശിവകുമാര്‍ നിര്‍ദേശിക്കുന്ന പേരുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സോണിയാ ഗാന്ധി, രാഹുല്‍ എന്നിവരുമായി കൂടി ആലോചിച്ച ശേഷമായിരിക്കും ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക എന്നാണ് വിവരം. ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും പാര്‍ട്ടിയാണ് തനിക്ക് അമ്മയെന്നുമായിരുന്നു ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചക്കു തൊട്ടു മുമ്പ് മാധ്യമങ്ങളെ കണ്ട ഡി.കെ ശിവകുമാറിന്റെ പ്രതികരണം. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ രാജി വെക്കുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന വാര്‍ത്ത തള്ളിക്കളഞ്ഞ ഡി.കെ ശിവകുമാര്‍, വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.