Categories: Newsworld

ശിയാ ഇസ്മാഈലി മുസ്‍ലിംകളുടെ ആത്മീയ നേതാവ് ആഗാ ഖാൻ നാലാമന്‍ അന്തരിച്ചു

ശിയാ ഇസ്മാഈലി മുസ്‌ലിംകളുടെ ആത്മീയ നേതാവും ശതകോടിശ്വരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ആഗാ ഖാന്‍ നാലാമന്‍( പ്രിന്‍സ് കരീം അല്‍ ഹുസൈനി) അന്തരിച്ചു. 88 വയസായിരുന്നു. പോര്‍ചുഗലിലെ ലിസ്ബണിലായിരുന്നു അന്ത്യം. 2014ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വമുള്ള ആഗാ ഖാന്‍ നാലാമന്‍ ഫ്രാന്‍സിലായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആഗാ ഖാന്‍ ഡെവലപ്‌മെന്റ് നെറ്റ്‌വര്‍ക്ക് ലോകത്തുടനീളം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്.

1957ല്‍ ഇരുപതാം വയസിലാണ് നേതൃസ്ഥാനം ഏറ്റെടുത്തത്. ആഗാ ഖാന്‍ ഫൗണ്ടേഷന്‍ ചാരിറ്റിയുടെ സ്ഥാപകനായ പ്രിന്‍സ് കരീം അല്‍ ഹുസൈനി കറാച്ചി സര്‍വകലാശാല, ഹാര്‍വഡ് സര്‍വകലാശാലയിലെ ആഗാ ഖാന്‍ പ്രോഗ്രാം ഫോര്‍ ഇസ്‌ലാമിക് ആര്‍ക്കിടെക്ചര്‍, മസാചുസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്. ഡല്‍ഹിയിലെ ഹുമയൂണ്‍ ശവകുടീരം നവീകരണത്തിലും ആഗാ ഖാന്‍ ട്രസ്റ്റ് പ്രധാന പങ്കുവഹിച്ചു.

ആറ് ബില്യണ്‍ പൗണ്ട് ആസ്തിയുള്ള ആഗാ ഖാന് അറൂന്നൂറോളം പന്തയക്കുതിരകള്‍ സ്വന്തമായുണ്ട്. ബഹാമാസിലെ സ്വകാര്യ ദ്വീപ് അടക്കം അഞ്ച് ഭൂഖണ്ഡങ്ങളില്‍ സ്വന്തമായി വീടുകളുണ്ട്.

webdesk13:
whatsapp
line