നെല്ലിന് മീതെ കര്‍ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണം പണയപ്പെടുത്തിയും വട്ടിപ്പലിശക്കാരുടെ കൈയില്‍ നിന്ന് കടം വാങ്ങിയും വിളയിച്ച നെല്ല് 17 ദിവസമായി പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. 14 ദിവസം കഴിഞ്ഞപ്പോഴാണ് വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയത്. പാഠശേഖര സമിതി അല്ലാതെ ചില മില്ലുകാരുടെ ഏജന്റുമാരും ഇവരുടെ ചില ആളുകളും പാര്‍ട്ടിക്കാരും ചേര്‍ന്നാണ് ചര്‍ച്ച ചെയ്തതെന്ന് നിയമസഭയില്‍ വാക്കൗട്ട് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകര്‍ ഓരോ ദിവസവും നെല്ല് മറിക്കാനുള്ള ചെലവും കണ്ടെത്തേണ്ടിയിരിക്കുന്നു. കിഴിവ് ചോദിച്ച് മില്ലുകാര്‍ കര്‍ഷകര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. 17 ദിവസങ്ങള്‍ക്കിപ്പുറം രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോള്‍ ഒരു നിവൃത്തിയും ഇല്ലാതെ എങ്ങനെയെങ്കിലും നെല്ല് എടുത്തുകൊണ്ടു പോകാന്‍ സര്‍ക്കാര്‍ മില്ലുകാര്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയാണ് കര്‍ഷകരെക്കൊണ്ട് സമ്മതിപ്പിച്ചത്. രണ്ടു ശതമാനം കിഴിവിന് എന്താണ് കുഴപ്പമെന്നാണ് മന്ത്രി ചോദിച്ചത്. പതിരില്ലാത്ത എ ക്ലാസ് നെല്ലാണ് ഇവിടെ വിളയുന്നത്. സംഭരണം ആരംഭിച്ചിട്ട് ചരിത്രത്തില്‍ ഇന്നുവരെ ഈ പ്രദേശത്തെ നെല്ലിന് കിഴിവ് നല്‍കിയിട്ടില്ല. ഇത്തവണ രണ്ട് ശതമാനം കിഴിവ് ചോദിക്കുന്നവര്‍ അടുത്ത വര്‍ഷം അത് നാല് അഞ്ചും ആറും ശതമാനമാക്കും. ഇത്തരത്തില്‍ മില്ലുകാരുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നത് ശരിയാണോ? കൂടിയാലോചന നടത്തിയെന്നാണ് മന്ത്രി പറഞ്ഞത്.
17 ദിവസമായി നെല്ല് കെട്ടിക്കിടന്നിട്ട് 14 ദിവസം കഴിഞ്ഞപ്പോഴാണ് ചര്‍ച്ച തുടങ്ങിയത്. സമ്മര്‍ദം ചെലുത്തി മഴ കൂടി പെയ്തപ്പോഴാണ് രണ്ട് ശതമാനം കിഴിവ് കര്‍ഷകര്‍ സമ്മതിച്ചത്. കുട്ടനാട്ടിലും കര്‍ഷകരെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണോ മില്ലുകാര്‍ക്ക് ഒപ്പമാണോ?. കുട്ടനാട്ടിലെ പല മേഖലകളിലും പത്ത് ദിവസമായി കെട്ടിക്കിടക്കുകയാണ്. മില്ലുമാരും ഏജന്റുമാരുമാണ് തീരുമാനിക്കുന്നത്. പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ട് എടുക്കുന്ന കമ്മീഷന്‍ ഏജന്റുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിട്ടും. ഈ തട്ടിപ്പ് വ്യക്തമാക്കുന്ന ഓപ്പറേഷന്‍ റൈസ് ബൗള്‍ എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്നിലുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് കിഴിവിന്റെ മറവില്‍ നടക്കുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നെല്ല് സംഭരണം ആരംഭിച്ച് കൃത്യമായ പണം നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് പി.ആര്‍.എസ് ഏര്‍പ്പെടുത്തിയത്. അത് വളരെ ഭംഗിയായി പോയി. എന്നാല്‍ ഇപ്പോള്‍ ബാങ്കിന് സര്‍ക്കാര്‍ പണം നല്‍കുന്നില്ല. അതോടെ കര്‍ഷകരുടെ സിബല്‍ സ്‌കോര്‍ താഴുകയും ഒരു ബാങ്കിലും നിന്നു പോലും വായ്പ കിട്ടാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു. കേരള സര്‍ക്കാര്‍ 1058 കോടി രൂപയാണ് സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വിതരണം ചെയ്തവരുടെ കുടിശിക ഉള്‍പ്പെടെ നാലായിരത്തോളം കോടി രൂപയുടെ ബാധ്യതയിലാണ് സപ്ലൈകോ. അപ്പോള്‍ അവര്‍ എവിടെ നിന്നും നെല്ല് സംഭരണത്തിനുള്ള പണം നല്‍കും. സര്‍ക്കാരാണ് സപ്ലൈകോക്ക് പണം നല്‍കേണ്ടത്. സര്‍ക്കാര്‍ പണം നല്‍കാത്തതാണ് നെല്ല് സംഭരണത്തിലെ പാളിച്ചക്ക് കാരണം.
കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. നെല്‍ കൃഷിയില്‍ നിന്നും ആളുകള്‍ പിന്മാറുകയാണ്. മണ്ണിനോട് സ്നേഹമുള്ള ഒരു നിവൃത്തിയും ഇല്ലാത്ത പാവങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നിട്ടാണ് അവരോട് വിലപേശല്‍ നടത്തുന്നത്. നെല്ല് സംഭരണത്തിന്റെ പേരില്‍ കര്‍ഷകരെ ബുദ്ധമുട്ടിക്കരുത്. നെല്ലിന് മീതെ കര്‍ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.