കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളില്‍ ചിലരുടെ സമാന്തര ഭരണമെന്ന ആരോപണം ശക്തമാകുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതില്‍ പോലും ഇവര്‍ ഇടപെടുന്നു. ഒരു ഓഫീസറുടെയും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെയും സഹായത്തോടെയാണിത്.
കഞ്ചാവ്,മദ്യം,ബീഡി,മൊബൈല്‍ ഫോണ്‍,പുറത്തുനിന്ന് ഭക്ഷണം തുടങ്ങി തടവുകാരുടെ നിയമവിരുദ്ധമായ ആവശ്യങ്ങളെല്ലാം ഇവര്‍ പ്രതിഫലം പറ്റി ചെയ്തു കൊടുക്കുന്നതായും വിവരമുണ്ട്. ആള്‍ അനക്കം കുറഞ്ഞ ഇടങ്ങളില്‍ മതിലിനു മുകളിലൂടെയാണ് സാധനങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത്. ഫോണ്‍ റീചാര്‍ജ് ചെയ്യാനും ജയില്‍വാസം ഒഴിവാക്കി ആശുപത്രിവാസം ലഭിക്കാനും ഇടക്കിടക്ക് പരോള്‍ ലഭിക്കാനും തടവുകാര്‍ ഇവരെയാണ് സമീപിക്കുന്നത്.
പ്രതിഫലത്തിന്റെ പണമിടപാടുകള്‍ ജയിലിനു പുറത്താണ് നടക്കുന്നത്. ടി.കെ രജീഷ് അടക്കം ടി.പി കേസിലെ ആറ് പ്രതികളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കണ്ണൂരില്‍ ഇത് നടപ്പായിട്ടില്ല.