നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി ബിഹാർ ഉപമുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ആർ.ജെ.ഡി. കേസിലെ പ്രതികളിലൊരാളായ അമിത് ആനന്ദ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. നേരത്തെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവുമായി ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിക്ക് ബന്ധമുണ്ടെന്ന ആരോപണം ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ജെ.ഡിയുടെ തിരിച്ചടി.
പ്രതികളും മന്ത്രിയും തമ്മിലുള്ള നിരവധി ചിത്രങ്ങളുണ്ടായിരുന്നുവെന്നും വിവാദമായതോടെ ഇതെല്ലാം മന്ത്രി ഡിലീറ്റ് ചെയ്തുവെന്നും ആർ.ജെ.ഡി എക്സിലെ പോസ്റ്റിൽ ആരോപിച്ചു. പ്രതികളെ മന്ത്രി അഭിനന്ദിക്കുന്ന ചിത്രങ്ങൾ വരെയുണ്ട്. ഡിലീറ്റ് ചെയ്തതു കൊണ്ട് ഇത് നഷ്ടമായെന്ന ഭയം ആർക്കും വേണ്ട. എല്ലാം തങ്ങളുടെ കൈയിൽ ഭദ്രമായി ഉണ്ടെന്നും അത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൈമാറാൻ തയാറാണെന്നും ആർ.ജെ.ഡി വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതിയുമായി തേജസ്വി യാദവിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണമായിരുന്നു ബിഹാർ ഉപമുഖ്യമന്ത്രി ഉന്നയിച്ചത്. കേസിലെ പ്രതിയായ സിക്കന്ദർ പ്രസാദ് യാദവേന്ദുവുമായി തേജ്വസിക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഇയാൾക്ക് ഗസ്റ്റ്ഹൗസുകളിലും മറ്റും താമസസൗകര്യം നൽകിയിരുന്നത് തേജസ്വിയായിരുന്നുവെന്നും ആരോപിച്ചിരുന്നു.
പ്രതിക്ക് താമസസൗകര്യമൊരുക്കാനായി ഗസ്റ്റ്ഹൗസുകളിലെ ജീവനക്കാർക്ക് അയച്ച മെസേജുകൾ തെന്റ കൈവശമുണ്ടെന്നും ബിഹാർ ഉപമുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ബിഹാർ ഉപമുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല.