കോഴിക്കോട് : അധ്യയന വര്‍ഷം കഴിയാറായിട്ടും എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ വിളിച്ചില്ല. സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തില്‍ വിളിച്ച് ഫെബ്രുവരിയിലാണ്് എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകള്‍ നടക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല. ഇനി പരീക്ഷ എന്നു നടക്കും എന്ന കാര്യത്തില്‍ വലിയ ആശങ്കയാണ് സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ളത്.
വൈകിയാണെങ്കിലും നോട്ടിഫിക്കേഷന്‍ വരുമെന്ന് കരുതി സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളും കമ്മിറ്റികള്‍ രൂപീകരിച്ച് ഫണ്ടുള്‍പ്പെടെയുളള പ്രോത്സാഹനങ്ങളും പരിശീലനവും നല്‍കുന്നുണ്ട്. എന്നാല്‍ കാത്തു കാത്തിരുന്ന് അധ്യയന വര്‍ഷം തന്നെ കഴിഞ്ഞുപോയിട്ടും ഇത് സംബന്ധിച്ച് അറിയിപ്പൊന്നുമില്ല.
കഴിഞ്ഞ വര്‍ഷത്തെ റിസള്‍ട്ട് രണ്ടാഴ്ച മുമ്പാണ് പുറത്തു വന്നത്. കോവിഡ് വ്യാപനം മൂലം പരീക്ഷ വൈകിയായിരുന്നു നടന്നത്. അതേസമയം സ്‌കൂള്‍ അടച്ചു കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനാവില്ല. വേനലവധിക്ക് ഒരു തരത്തിലുള്ള ക്ലാസും പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
മെയ് മാസത്തിനുള്ളില്‍ പരീക്ഷ നടപടികള്‍ തീര്‍ന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേത് പോലെ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് പരീക്ഷ നീട്ടിവെയ്‌ക്കേണ്ടി വരും. അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുമ്പോഴാണ് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികള്‍ യഥാക്രമം എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകള്‍ എഴുതിയത്. ഇങ്ങനെ പരീക്ഷയെഴുതുന്നത് കുട്ടികള്‍ക്ക് ഇരട്ട ഭാരമാണുണ്ടാക്കുകയെന്ന് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു.
എല്‍.എസ്.എസും യു.എസ്.എസും വിദ്യാലയങ്ങള്‍ക്ക് മികവ് പ്രകടിപ്പിക്കാനുള്ള പ്രധാനപ്പെട്ട പരീക്ഷകളാണ്. ഏറെ താത്പര്യത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ ഉടന്‍ ചെയ്യണമെന്നാണ് വിദ്യാലയ അധികൃതര്‍ ആവശ്യപ്പെടുന്നത്.