X

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കമാകും

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ‘ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍’ന് ഇന്ന് 26ന് വെള്ളിയാഴ്ച തുടക്കമാകും.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവം ഏറെ വ്യത്യസ്ഥവും നിരവധി പേരുടെ സാന്നിധ്യവും കൊണ്ട് ആകര്‍ഷണീയമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുമായി പന്ത്രണ്ടോളം പ്രമുഖ പ്രസാധകര്‍ പങ്കാളികളാവുന്ന പുസ്തക സ്റ്റാളുകള്‍, പുസ്തക പ്രകാശനം, പ്രമുഖര്‍ പങ്കെടുക്കുന്ന പുസ്തക ചര്‍ച്ച, സാഹിത്യ സംവാദങ്ങള്‍, പൈതൃക – ചരിത്ര പ്രദര്‍ശനം, ഇന്തോ – അറബ് സാംസ്‌കാരിക സദസ്സ്, അറബി – മലയാള സാഹിത്യ ചര്‍ച്ചകള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മീഡിയാ ടോക്ക്, സാഹിത്യ രംഗത്തേക്ക് കൂടുതല്‍ വനിതകളെ ആകര്‍ഷിക്കുന്നതിനായി ഷീ ടോക്ക്, എന്നിവ നടക്കും.

ഇരുപത്തഞ്ചോളം സാഹിത്യകാരന്മാരെ ആദരിക്കല്‍, വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, ഗസല്‍ നൈറ്റ്, ഖവാലി, ദഫ്, കോല്‍ക്കളി തുടങ്ങിയ വിവിധ കലാ പരിപാടികള്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി.ബാവ ഹാജി, ജനറല്‍ സെക്രട്ടരി അഡ്വ: കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹിദായത്തുള്ള, സാഹിത്യവിഭാഗം സെക്രട്ടരി യു.കെ. മുഹമ്മദ് കുഞ്ഞി, ഹംസ നടുവില്‍, ഹാരിസ് ബാഖവി എന്നിവര്‍ പങ്കെടുത്തു.

webdesk13: