കെ.എസ് മുസ്തഫ
കല്‍പ്പറ്റ
സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാന വ്യാപകമായി ആഘോഷമായി നടന്നെങ്കിലും മെയ് മാസം പൂര്‍ത്തിയാക്കേണ്ട പ്രധാനാധ്യാപക സ്ഥലംമാറ്റം നടപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് നിസംഗത. 534 ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും സ്ഥലം മാറ്റമാണ് ഉത്തരവിറക്കാതെ നീട്ടികൊണ്ട് പോകുന്നത്. ഇതില്‍ 250ലധികം പ്രധാനാധ്യാപകര്‍ കഴിഞ്ഞ ദിവസം വിരമിച്ചതോടെ ഇത്രയും സ്‌കൂളുകളില്‍ പ്രധാനാധ്യാപകരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഇത് പ്രവേശന നടപടികളുള്‍പ്പെടെ മന്ദഗതിയിലാക്കും. പൊതു സ്ഥലംമാറ്റത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന സീനിയര്‍ എച്ച്.എം, എ.ഇ.ഒമാരെ മറികടന്ന് 71 പേര്‍ക്ക് സ്ഥാനകയറ്റം നല്‍കി നിയമിച്ചത് ചന്ദ്രിക നേരത്തേ വാര്‍ത്ത നല്‍കിയിരുന്നു. ഈ അനധികൃത നിയമനമാണ് ഫലത്തില്‍ പ്രധാനാധ്യാപക നിയമനം നീണ്ടുപോവാന്‍ കാരണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് നിയമന തടസമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നതെങ്കിലും വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ നിയമനം നടത്താന്‍ സര്‍ക്കാരിനാവുമായിരുന്നു.
മാത്രവുമല്ല ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ (ഡി.ഇ.ഒ), എ.ഇ.ഒ. എന്നിവരെ മെയ് മാസം സ്ഥലം മാറ്റി നിയമിച്ച് ഡി.ജി.ഇ ഉത്തരവിറക്കുകയും ചെയ്തിരുന്നു. സര്‍വീസ് സീനിയോറിറ്റി പ്രകാരം പൊതുസ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതിനായി 2022 ഏപ്രില്‍ 4 ന് ഡയരക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡി.ജി.ഇ) ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ 12 മുതല്‍ 18 വരെയായിരുന്നു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാനുള്ള സമയം. ഏപ്രില്‍ 11 ന് മുമ്പായി നിലവിലുള്ള ഒഴിവുകളും ജൂണ്‍ 30 വരെയുള്ള പ്രതീക്ഷിത ഒഴിവുകളടക്കം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ക്ക് (ഡി.ഡി.ഇ) ഡി.ജി.ഇ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 22ന് ലഭ്യമായ അപേക്ഷകളുടെ പരിശോധനയും, ഏപ്രില്‍ 27ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും ഏപ്രില്‍ 30 വരെ കരട് ലിസ്റ്റിലെ പരാതികള്‍ കേള്‍ക്കാനുള്ള സമയമായും നിശ്ചയിച്ച് ഡി.ജി.ഇ ഉത്തരവിറക്കിയിരുന്നു. 2022 മെയ് 5ന് അന്തിമ ലിസ്റ്റും മെയ് 11ന് സ്ഥലം മാറ്റ ഉത്തരവും പുറത്തിറക്കുമെന്നുമായിരുന്നു ഉത്തരവ്. വിദ്യാഭ്യാസ വകുപ്പില്‍ അധ്യയന വര്‍ഷാരംഭത്തിന് മുമ്പെ മെയ് മാസം തന്നെ പ്രധാനധ്യാപകരെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെയും സ്ഥലം മാറ്റി നിയമിക്കുന്നതാണ് പതിവ്.
അന്തിമ ലിസ്റ്റ് തയ്യാറാക്കി 27 ദിവസം കഴിഞ്ഞിട്ടും നിയമന ഉത്തരവ് ഇറക്കാതെ നീട്ടികൊണ്ട് പോകുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഡി.ജി.ഇ.നിശ്ചയിച്ച ഏപ്രില്‍ 27ന് തന്നെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. കരട് ലിസ്റ്റ് തയ്യാറാക്കി 35 ദിവസവും മെയ് 5ന് കുറ്റമറ്റ അന്തിമ ലിസ്റ്റും തയ്യാറായിട്ട് ഒരു മാസം പിന്നിടാറായി. ജൂണ്‍ 1 ന് സ്‌കൂള്‍ തുറന്നിട്ടുപോലും നിയമന ഉത്തരവിറക്കാത്തത് സര്‍ക്കാറിന്റെ നിസംഗതയ്ക്ക് ഉദാഹരണമാണെന്ന് അധ്യാപകര്‍ പറയുന്നു.