സ്വത്തുപേക്ഷിച്ച് സന്യാസിയായി: ഗുജറാത്തിലെ കോടീശ്വരന്റെ 9 വയസ്സുള്ള മകള്‍ ആഡംബര ജീവിതം ഉപേക്ഷിച്ചു

ഗുജറാത്തിലെ കോടീശ്വരനായ വജ്ര വ്യാപാരിയുടെ ഒമ്പത് വയസ്സുള്ള മകള്‍ ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസിയായി. ദേവാന്‍ശി സംഘ്വിയാണ് ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസജീവിതം തിരഞ്ഞെടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും പഴയ ഡയമണ്ട് കമ്പനികളില്‍ ഒന്നായ ഗുജറാത്തിലെ സാംഘ്വി ആന്‍ഡ് സണ്‍സിന്റെ അനന്തര അവകാശിയാണ് ദേവാന്‍ശി സംഘ്വി്. സാംഘ്വി ആന്‍ഡ് സണ്‍സിന്റെ ഇപ്പോഴത്തെ ഉടമയായ ധനേഷ് സാംഘ്വിയുടെയും ഭാര്യ ആമിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്ത മകളാണ് ഒന്‍പതു വയസ്സുകാരിയായ ദേവാന്‍ശി.

ദേവാന്‍ഷിയുടെ സന്യാസ ജീവിതത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ സൂറത്തില്‍ കഴിഞ്ഞദിവസം നടന്നു. ചടങ്ങില്‍ ദേവാന്‍ശി ദീക്ഷ സ്വീകരിച്ചതായ് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദേവാന്‍ശിയുടെ ദീക്ഷ ചടങ്ങ് വലിയ ആഘോഷമാക്കിയാണ് സാംഘ്വി കുടുംബം നടത്തിയത്. ആനകളും ഒട്ടകങ്ങളും അണിനിരന്ന ഘോഷയാത്ര ഏറെ ആഡംബരങ്ങള്‍ നിറഞ്ഞതായിരുന്നു. നിരവധി ആളുകളാണ് ഈ ഘോഷയാത്രയില്‍ പങ്കെടുത്തത്.

സന്യാസ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ പഠിക്കുന്നതിനായി ദീക്ഷ ചടങ്ങിന് മുന്‍പായി സന്യാസിമാരോടൊപ്പം 600 കിലോമീറ്ററിലധികം ദേവാന്‍ശി കാല്‍നടയായി നടന്നിരുന്നു. ചെറുപ്പം മുതല്‍ വളരെ ലളിതമായ ജീവിതം ആയിരുന്നു പെണ്‍കുട്ടി ഇഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുമായി അടുത്ത് ബന്ധമുള്ളവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

webdesk13:
whatsapp
line