X

64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കമായി

പുതിയ ഉയരവും വേഗവും തേടിയുള്ള കൗമാര പ്രതിഭകളുടെ കുതിപ്പിന് ഇന്ന് തുടക്കം. ഇനി നാലു നാള്‍ കായിക കേരളത്തിന്റെ ചേങ്കോലിനായി കുട്ടിത്താരങ്ങള്‍ പോരടിക്കും. തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ . കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കായികമേളയ്ക്ക് തിരിതെളിയുന്നത്.

ഇന്ന് രാവിലെ ഏഴ് മുതല്‍ മത്സരങ്ങള്‍ ആരംഭിച്ചു. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ മുഹമ്മദ് അനസ് യഹിയ ദീപശിഖ തെളിയിക്കും. പകലും രാത്രിയുമായാണ് മത്സരം നടത്തുന്നതെന്നതാണ് ഇത്തവണത്തെ പ്രത്യേകത. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ആറ് കാറ്റഗറികളിലായി 2732 വിദ്യാര്‍ഥികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1443 ആണ്‍കുട്ടികളും 1294 പെണ്‍കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും 10 റിലേയും ഉള്‍പ്പെടെ 98 ഇനങ്ങളിലാണ് നാലു ദിവസത്തെ മത്സരങ്ങള്‍. ഹാമര്‍ ത്രോ, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളും താരങ്ങളുടെ വാമപ്പ് ഏരിയ, ഫസ്റ്റ് കോള്‍ റൂം എന്നിവയും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ്. ട്രാക്ക് ഇനങ്ങള്‍ക്ക് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം വേദിയാകും. രണ്ട് വര്‍ഷം മുമ്പ് പറളിയുടെയും മുണ്ടൂരിന്റെയും കല്ലടിയുടെയും കൈ പിടിച്ച് കൗമാര കേരളത്തിന്റെ കായിക സിംഹാസനത്തിലേറിയ പാലക്കാട് കിരീടം നിലനിര്‍ത്താനെത്തുമ്പോള്‍ സെന്റ് ജോര്‍ജിന്റെയും മാര്‍ ബേസിലിന്റെയും കരുത്തിലാണ് എറണാകുളം കളത്തിലിറങ്ങുന്നത്. ഇരുവര്‍ക്കും വെല്ലുവിളി ഉയര്‍ത്തി കോഴിക്കോടും രംഗത്തുണ്ട്.

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ജില്ലയ്ക്ക് 2.25 ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 1.65 ലക്ഷവും മൂന്നാം സ്ഥാനത്തിന് 1.15 ലക്ഷവും. വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്ക് നാല് ഗ്രാം സ്വര്‍ണ്ണപ്പതക്കം സമ്മാനമായി നല്‍കും. സംസ്ഥാന റെക്കോഡിന് 4000 രൂപ സമ്മാനമായി നല്‍കും.

Test User: