സൂറിച്ച്:2030 ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മൂന്ന് വന്‍കരകളിലെ ആറ് രാജ്യങ്ങളിലായി. ഇന്നലെ ഫിഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവരാണ് ആതിഥേയര്‍. പക്ഷേ ആദ്യ മൂന്ന് മല്‍സരങ്ങള്‍ യുറഗ്വായ്, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളിലായാണ് നടക്കുക. ലോകകപ്പിന് 100 വയസ് തികയുന്ന വേളയിലാണ് ആദ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ലാറ്റിനമേരിക്കയില്‍ ആദ്യ മല്‍സരങ്ങള്‍ നടക്കുന്നത്.
ഫിഫ എക്‌സിക്യൂട്ടീവിന്റെ ഈ തീരുമാനം അടുത്ത വര്‍ഷം നടക്കുന്ന ഫിഫ കോണ്‍ഗ്രസില്‍ ചര്‍ച്ചക്ക് വരും. ഇവര്‍ അംഗീകരിച്ചാല്‍ ഇതാദ്യമായി മൂന്ന് വന്‍കരകളിലായി ചാമ്പ്യന്‍ഷിപ്പ് അരങ്ങേറും. 2034 ലെ ലോകകപ്പിന് ഏഷ്യ, ഓഷ്യാന രാജ്യങ്ങളിലെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും ഫിഫ വ്യക്തമാക്കി. ഉടന്‍ സഊദി അറേബ്യ താല്‍പ്പര്യവും വ്യക്തമാക്കിയിട്ടുണ്ട്.