ലണ്ടന്‍: 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കുന്ന ഇന്ത്യക്ക് ധനസഹായം നല്‍കുന്നതെന്തിനെന്ന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ചോദ്യം. സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അംഗം പീറ്റര്‍ ബോണ്‍ ആണ് വിമര്‍ശനമുയര്‍ത്തിയത്. പട്ടേലിന്റെ പ്രതിമയുടെ നിര്‍മാണം തുടങ്ങിയ 2012 മുതല്‍ 2018 വരെ ഇന്ത്യക്ക് ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് പീറ്റര്‍ ബോണ്‍ ചൂണ്ടിക്കാട്ടി. 9400 കോടി രൂപയോളം വരുമത്.
2012ല്‍ 300 മില്യണ്‍ പൗണ്ട് (2839 കോടി രൂപ), 2013ല്‍ 268 മില്യണ്‍ പൗണ്ട് (2536 കോടി രൂപ), 2014ല്‍ 278 മില്യണ്‍ പൗണ്ട് (2631 കോടി രൂപ), 2015ല്‍
185 മില്യണ്‍ പൗണ്ട് (1751 കോടി രൂപ) എന്നിങ്ങനെയും പിന്നീട് ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങളും ഇന്ത്യക്ക് ബ്രിട്ടണ്‍ നല്‍കിയിട്ടുണ്ടെന്ന് പീറ്റര്‍ അവകാശപ്പെട്ടു.
ഇന്ത്യക്ക് ബ്രിട്ടന്‍ നല്‍കി വന്നിരുന്ന ധനസഹായം 2015ല്‍ നിറുത്തലാക്കിയിരുന്നു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
3000 കോടി രൂപ ചെലവില്‍ ഗുജറാത്തിലെ നര്‍മ്മദ നദിയിലെ സാധു ബെറ്റ് ദ്വീപില്‍ നിര്‍മിച്ച സര്‍ദാര്‍ പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 31നാണ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മേഖയില്‍ ഉള്‍പ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 3000 കോടി രൂപ പ്രതിമ നിര്‍മാണത്തിനായി ചെലഴിച്ച മോദി സര്‍ക്കാരിനെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.