ന്യുഡല്‍ഹി: പാകിസ്താന്‍ അനുകൂല ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കശ്മീര്‍ യൂണിവേഴ്‌സിറ്റി പി.ആര്‍.ഒ ഫഹീം അസ്‌ലം, പൊലീസ് കോണ്‍സ്റ്റബിള്‍ അര്‍ഷിദ് അഹമ്മദ് തോകര്‍, റവന്യു ഓഫീസര്‍ മുറാവത്ത് ഹുസൈന്‍ മിര്‍ എന്നിവരെയാണ് ഭരണഘടന അനുഛേദം 311(2)(സി) പ്രകാരം പിരിച്ചുവിട്ടത്.
ഇവര്‍ ഭീകരര്‍ക്ക് സഹായങ്ങളും ഫണ്ടും എത്തിക്കാന്‍ ഇടപെട്ടുവെന്നാണ് ആരോപണം. ഭീകര സംഘടനകള്‍ക്കും പാക് ചാര സംഘടനയായ ഐ.എസ്.ഐയ്ക്കും വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഭരണകൂടം അറിയിച്ചു. ഭീകരനായ ഷബീര്‍ ഷായുമായി ഫഹീം അസ്‌ലമിന് ഇടപാടുകളുണ്ടെന്നും അധികൃതര്‍ പറഞ്ഞു.