വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ്.എഫ്.ഐ നേതാവുമായ കെ വിദ്യയെ പരാമര്‍ശിച്ച് ‘എന്നാലും എന്റെ വിദ്യേ’ എന്ന പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. വ്യാജരേഖ ആരുണ്ടാക്കിയാലും അത് തെറ്റാണെന്നും പി കെ ശ്രീമതി പറഞ്ഞു.
അതേസമയം എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് മറ്റൊരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം തരപ്പെടുത്താന്‍ ശ്രമിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനെത്തിയപ്പോഴാണ് വിദ്യ മഹാരാജാസില്‍ നിന്നുള്ള രണ്ടുവര്‍ഷത്തെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നതിനാല്‍ കേസ് അഗളി പൊലീസിന് കൈമാറിയിരിക്കയാണ്. മഹാരാജാസ് കോളജ് ഗവേണിങ്് ബോഡി കൗണ്‍സില്‍ നല്‍കിയ പരാതിയനുസരിച്ച്് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നല്‍കിയ പരാതിയാണ് അഗളി പൊലീസിന് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് മൊഴിയെടുത്തിരുന്നു. കോളജിന്റെ ഭാഗത്ത് നിന്ന് വിദ്യക്ക് യാതൊരു സഹായവും കിട്ടിയിട്ടില്ലെന്നും അട്ടപ്പാടി കോളജില്‍ നിന്ന് വിവരം കിട്ടിയപ്പോള്‍ മാത്രമാണ് സംഭവം അറിഞ്ഞതെന്നും പ്രിന്‍സിപ്പല്‍ പൊലീസിനോട് വിശദീകരിച്ചു.
അതേസമയം വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതയായ മുന്‍ എസ് .എഫ്.ഐ നേതാവ് കെ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം പരിശോധിക്കുമെന്ന്് കാലടി സര്‍വകശാല വ്യക്തമാക്കി. വ്യാജ രേഖ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. 2019ലാണ് വിദ്യ പിഎച്ച്ഡിക്ക് ചേര്‍ന്നത്.
വിദ്യ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിറിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എസ് സി എസ് ടി സെല്ലാണ് വിദ്യ സംവരണം അട്ടിമറിച്ചെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് എസ്‌സിഎസ്ടി സെല്‍ 2020ല്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു. സംവരണം അട്ടിമറിച്ചുള്ള വിദ്യയുടെ പ്രവേശനത്തിന് ഉന്നതതല സ്വാധീനമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കാസര്‍കോട് കരിന്തളം ഗവ.കോളജില്‍ വിദ്യ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന്് സ്ഥിരീകരിക്കാന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മഹാരാജാസ് കോളജിലേക്ക് അയച്ചിരിക്കയാണ്. അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ നല്‍കിയ അതേ വ്യാജ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ഇവിടെയും ഹാജരാക്കിയതെന്നാണ് വിവരം. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാജാസ് കോളജ് സ്ഥിരീകരിച്ചാല്‍ പൊലീസില്‍ പരാതി നല്‍കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും കരിന്തളം ഗവ.കോളജ് അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
അതേസമയം, വിഷയത്തില്‍ ഗവര്‍ണര്‍ക്കും ഡിജിപിക്കും കെഎസ് യു പരാതി നല്‍കി. എസ്.എഫ്.ഐ സംസ്ഥാന നേതാവിന്റെ അറിവോടെയും സഹായത്തോടെയുമാണു വ്യാജരേഖ ചമച്ചതെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കെ.എസ്.യു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. വിദ്യയ്ക്കു പിഎച്ച്ഡി പ്രവേശനം ലഭിച്ചതിലും ഉന്നത ഇടപെടല്‍ ഉണ്ടെന്നും കെ.എസ്.യു വ്യക്തമാക്കി.