X

ഇനിയും കൊലക്കത്തി താഴെവെക്കില്ലെന്നോ

കേരള മനസാക്ഷിയെ നടുക്കിക്കളഞ്ഞ പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന കോടതി വിധി ആശ്വാസം പകരുന്നതാണെങ്കിലും അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ തയാറല്ലെന്ന സി.പി.എമ്മിന്റെ പ്രഖ്യാപനം ആശങ്കാജനകവും ജനാധിപത്യകേരളത്തിന്റെ ഉറക്കം കെടുത്തുന്നതുമാണ്. രണ്ടുചെറുപ്പക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ നടുറോഡില്‍ കു ത്തിമലര്‍ത്തിയ, ഇരുകുടംബങ്ങളെ തോരാ കണ്ണീരിന്റെയും തീരാദുരിതത്തിന്റെയും അറ്റമില്ലാത്ത ആഴങ്ങളിലേക്ക് തള്ളിവിട്ട പാര്‍ട്ടി, കോടതി കുറ്റക്കാരണെന്ന് കണ്ടത്തിയിട്ടും പ്രതികളെ ഒരുമനസാക്ഷിക്കുത്തുമില്ലാതെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. സി.പി.എം പ്രവര്‍ത്തകരുടെ നിരപരാധിത്തം തെളിയിക്കാന്‍ പാര്‍ട്ടിമേല്‍ ക്കോടതികളെ സമീപിക്കുമെന്നും നിയമ നടപടികിളുമാ യി മുന്നോട്ടുപോകുമെന്നാണ് കോടതിവിധി വന്നയുടനെ പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന്‍ പ്രസ്താവിച്ചിരിക്കുന്നത്. സി.ബി.ഐ പ്രതിചേര്‍ത്ത പത്തില്‍ നാലു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയപ്പോള്‍ വെറുതെവിട്ട ആറുപേരെക്കുറിച്ചായിരുന്നു പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത.

പെരിയ കേസ് സി.പി.എമ്മിന് നിയമപരമായും രാഷ്ട്രീയപരമായും സമ്മാനിച്ചിട്ടുള്ള തിരിച്ചടി ചരിത്രത്തില്‍ തുല്യതയില്ലാത്തത്രയും വ്യാപ്തിയുള്ളതാണ്. ഭരണത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച് അന്വേഷണത്തെ നിര്‍ലജ്ജം അട്ടിമറിച്ച് കേസ് തേച്ചുമാച്ചുകളയാന്‍ പാര്‍ട്ടി കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതുവഴി അവര്‍ക്കിടയില്‍ സ്വാധീനം നേടുകയും ചെയ്ത കോണ്‍ഗ്രസുകാരായ രണ്ടു ചെറുപ്പക്കാര്‍ പാര്‍ട്ടി ഗ്രാമത്തില്‍ വളര്‍ന്നുവരുന്നു എന്ന ഒരേയൊരു കാരണമാണ് കൃപേഷിനെയും ശരത്‌ലാലിനെയും ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിട്ടുള്ള ഘടകം. ഉന്നത നേതൃത്തിന്റെ അറിവോടെയും പിന്തുണയോടെയും ആസൂത്രണം ചെയ്ത പദ്ധതി താഴെതട്ടിലുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടപ്പില്‍ വരുത്തിയപ്പോള്‍ അന്വേഷണം അവിടെ തന്നെ നില്‍ക്കണമെന്നത് അവരുടെ ആവശ്യമായിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പാര്‍ട്ടി നേതൃത്വത്തിന്റെ താളത്തിനുതുള്ളിയപ്പോള്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന കുടുംബത്തിന്റെ ഏ റ്റവും ന്യായമായ ആവശ്യത്തിന് തടയിടാന്‍ പിണറായി സര്‍ക്കാര്‍ ഇന്നാട്ടിലെ പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്ന് ചിലവിട്ടത് ഒരുകോടിയിലധികം രൂപയാണ്. ഹൈക്കോടതിയില്‍ നിന്ന് കുടുംബം അനുകൂല വിധി സമ്പാദിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആദ്യം ഡിവിഷന്‍ ബെഞ്ചിലും പിന്നീട് സുപ്രീംകോടതിയിലും വരെ സര്‍ക്കാര്‍ പോയി നോക്കുകയുണ്ടായി. കുഞ്ചന്‍ നമ്പ്യാരുടെ വാക്കുകള്‍ കടമെടുത്താല്‍ എന്നിട്ടരിശം തീരാഞ്ഞിട്ടവന്‍ കേസ് ഫയലുകള്‍ സി.ബി.ഐക്കു കൈമാറാതെ സെക്രട്ടറിയേറ്റിനുചുറ്റും ഓടി നടക്കുകയായിരുന്നു. കോടതിയുടെ ഇടപെടലിനൊടുവിലാണ് ഫയലുകള്‍ നല്‍കാന്‍ തയാറായത്. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ നാലുപേര്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളാണ്. ഇതില്‍ കെ.വി. കുഞ്ഞിരാമന്‍ അടുത്ത സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി പരിഗണനയിലുള്ളയാളാണ്. കെ. മണികണ്ഠന്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തിലുമുണ്ട്. വെറുതേവിട്ട വരും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകാരാണ്.

2019 ലോകസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നടന്നസംഭവത്തില്‍ രാഷ്ട്രീയമായി സി.പി.എമ്മിനുണ്ടായ തിരച്ചടിയുടെ തെളിവാണ് കാസര്‍കോട് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ വിജയം. 2024 ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരുലക്ഷം കവിഞ്ഞത് പെരിയകൊലപാതകം മറക്കാനും പൊറുക്കാനും തങ്ങള്‍ തയാറല്ലെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട പെരിയ പഞ്ചായത്തിന്റെ ഭരണം നിലവില്‍ യു.ഡി.എഫിന്റെ കൈയ്യിലാണന്നതും ഈ ദാരുണ സംഭവം സി.പി.എ മ്മിന്റെ അടിവേരിളക്കിയതിന്റെ നിദര്‍ശനമാണ്. വിയോജിക്കുന്നവര്‍ക്ക് അരുംകൊലവിധിക്കുന്ന പ്രാകൃത രാഷ്ട്രീയത്തില്‍നിന്നും പിന്മാറാനും ജനാധിപത്യത്തിന്റെ യു ഗത്തിലേക്ക് തിരിച്ചുവരാനുമുള്ള ഈ മുന്നറിയിപ്പുകളെ ഉള്‍ക്കൊണ്ട് ഇനിയെങ്കിലും കൊലക്കത്തി താഴെവെക്കാന്‍ തയാറാവണമെന്നാണ് നീതിന്യായ കോടതിയും ജനങ്ങളുടെ കോടതിയും അവരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണോ അതോ ഇന്ത്യയിലെ മറ്റിടങ്ങളിലെപോലെ ചരിത്രത്തിന്റെ പുറമ്പോക്കില്‍ അഭയം തേടണോ എന്ന് തീരുമാനിക്കേണ്ടത് സി.പി.എമ്മാണ്.

webdesk18: