X

ചാരയന്ത്രങ്ങള്‍ ഘടിപ്പിച്ചെന്ന സംശയം: പുടിന്‍ ട്രംപിനു സമ്മാനിച്ച ഫുട്‌ബോള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി

വാഷിങ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച ഫുട്ബോള്‍ അമേരിക്കയില്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. അതേസമയം സാധാരണ ഗതിയില്‍ പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും അമേരിക്കയില്‍ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഇതും പതിവുപോലെയുള്ള പരിശോധനയാണ് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശദീകരണം. എന്നാല്‍ ഫുട്ബോള്‍ കിട്ടിയത് പുടിന്റെ കയ്യില്‍ നിന്നായതുകൊണ്ടാണ്
സംഭവം ചര്‍ച്ചയാവുന്നത്.

ഹെല്‍സിങ്കി ഉച്ചകോടി കഴിഞ്ഞ് വാര്‍ത്താസമ്മേളനത്തിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ടെല്‍സ്റ്റാര്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന് സമ്മാനിച്ചത്. സമ്മാനമായി ലഭിച്ച പന്ത് പന്ത്രണ്ടുകാരന്‍ മകന്‍ ബാരന് ഇഷ്ടപ്പെടുമെന്നു പറഞ്ഞു ട്രംപ്, ഭാര്യ മെലനിയയുടെ കയ്യിലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ പ്രസിഡന്റിനു ലഭിക്കുന്ന പാരിതോഷികങ്ങള്‍ സ്വന്തമായി എടുക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. ഒരു നിശ്ചിത വിലയ്ക്ക് അകത്തുള്ള സമ്മാനങ്ങള്‍ മാത്രമേ പ്രസിഡന്റിന് എടുക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം സ്വന്തം കീശയില്‍ നിന്ന് പണം സര്‍ക്കാറിന് കൊടുത്തു വേണം സാധനം വാങ്ങാം. സമ്മാനമായി ലഭിച്ച പന്ത് ട്രംപിന് തന്നെ ലഭിക്കുമോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

പുടിന്‍ നല്‍കിയ പന്തില്‍ ചാരയന്ത്രങ്ങള്‍ വല്ലതും ഒളിപ്പിട്ടുണ്ടാകാമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം ട്വീറ്റ് ചെയ്തിരുന്നു. അതു നന്നായി പരിശോധിച്ചിട്ടു മതി വൈറ്റ് ഹൗസില്‍ കയറ്റാനെന്നും ട്വീറ്റില്‍ ഉപദേശിച്ചിരുന്നു.

2011ല്‍, ബരാക് ഒബാമയ്ക്കു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ രണ്ട് അഡിഡാസ് പന്തുകള്‍ സമ്മാനിച്ചിരുന്നു. ഒബാമയുടെ മക്കളായ മലിയയ്ക്കും സാഷയ്ക്കുമുള്ള സമ്മാനങ്ങളായിരുന്നു അവ. ഒബാമ പക്ഷേ, അവ നാഷനല്‍ ആര്‍ക്കൈവ്സിനു വിട്ടുകൊടുത്തു. ആ പന്തുകളും അതിനൊപ്പമുള്ള കിറ്റും വിലപരിധിക്ക് പുറത്തായിരുന്നതാണു കാരണം.

chandrika: