ന്യൂഡല്‍ഹി: യുദ്ധസമയത്തെ യുക്രെയ്‌നിലെ ജീവിതം ശരിക്കും നരകമായിരുന്നുവെന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. റൊമാനിയന്‍ അതിര്‍ത്തിയിലെത്താന്‍ നടത്തിയ ദീര്‍ഘയാത്രയും യുക്രെയ്‌നില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്കും അവിടെ നിന്ന് ഇന്ത്യയിലെത്താനും അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വിവരിച്ചു.’ഞങ്ങള്‍ വിന്നിറ്റ്‌സിയയില്‍ നിന്ന് അതിര്‍ത്തിയിലേക്ക് യാത്ര ചെയ്തു. യാത്ര ക്രമരഹിതമായിരുന്നു. ഞങ്ങളുടെ കരാറുകാര്‍ ബസുകള്‍ ഏര്‍പ്പാടാക്കി. 12 കിലോമീറ്റര്‍ നടക്കേണ്ടി വന്നെങ്കിലും ഞങ്ങള്‍ സുരക്ഷിതമായി അതിര്‍ത്തിയിലെത്തി.പക്ഷേ നടക്കാ ന്‍ പ്രശ്‌നമായിരുന്നില്ല. റൊമാനിയന്‍ അതിര്‍ത്തി കടക്കുന്നതായിരുന്നു പ്രശ്‌നം. അതിര്‍ത്തി കടക്കുക അസാധ്യമായിരുന്നു’- ശുഭാന്‍ഷു എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി പറഞ്ഞു. കീവില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് വിന്നിറ്റ്‌സിയ. ചിലര്‍ കരയുന്നത് കണ്ടു. അവര്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു. ചിലര്‍ ബോധരഹിതരായി, കാലില്‍ വീണു- ശുഭാന്‍ഷു പറഞ്ഞു.
ജീവന്‍ പണയപ്പെടുത്തി അവര്‍
നടന്നത് കിലോമീറ്ററുകള്‍
കീവ്: യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും നാടണയാ ന്‍ ജീവന്‍ പണയപ്പെടുത്തി നെട്ടോട്ടമോടുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. റഷ്യ ആക്രമണം കടുപ്പിച്ചതോടെ കിട്ടിയതും വാരിയെടുത്ത് വിങ്ങുന്ന മനസുമായി അവര്‍ സുരക്ഷിത കേന്ദ്രം തേടി അലയുകയാണ്.
യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ പട്ടണമായ ഹാര്‍കിവില്‍ നിന്നും അതിര്‍ത്തിയിലെത്താന്‍ കാല്‍നടയായാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തൊഴിലാളികളും റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇന്ത്യന്‍ ദേശീയ പതാകയും ഉയര്‍ത്തിക്കാട്ടി വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കിലോമീറ്ററുകളാണ് സഞ്ചരിച്ചത്. 700 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ഇന്ത്യന്‍ പതാകയും പിടിച്ച് റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.
വാഹനങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ കാല്‍നടയായാണ് ഇവര്‍ ബങ്കറില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയതെന്ന് കര്‍ണാടക സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് വെങ്കിടേഷ് വൈശ്യര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വെങ്കിടേഷിന്റെ മകന്‍ അമിത് വി വൈശ്യര്‍ (23) ഖാര്‍കീവ് മെഡിക്കല്‍ കോളജില്‍ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. അമിതിനൊപ്പം ഹാവേരി ജില്ലയിലെ ചളഗേരിയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ കൂടി ഖാര്‍കിവ് മെഡിക്കല്‍ കോളജില്‍ പഠിക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബന്ധുവായ ശ്രീധര്‍ മൂര്‍ത്തി വൈശ്യരുടെ മകന്‍ സുമനും (24) അവിടെ വിദ്യാര്‍ത്ഥിയാണ്. റെയില്‍വെ സ്റ്റേഷനിലെത്തിയെങ്കിലും ഇവര്‍ക്ക് ഇതുവരെ പോളണ്ട് അതിര്‍ത്തിയിലെത്താനായിട്ടില്ലെന്നാണ് വിവരം. അതേസമയം ഹാവേരിയില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.