തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് തട്ടിപ്പു സംഘത്തെ ക്യാമറയില്‍ കുടുക്കി വിദ്യാര്‍ഥി. പേരൂര്‍ക്കട സ്വദേശി അശ്വഘോഷാണ് തട്ടിപ്പു സംഘത്തെ കുടുക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം അശ്വഘോഷിനെ ആദ്യം വിളിച്ചത്.
സംഘം ഡിജിറ്റൽ അറസ്റ്റ് ആണെന്ന വ്യാജേന അശ്വഘോഷിനെ വിളിക്കുകയായിരുന്നു. ഒരു മണിക്കൂറോളം തട്ടിപ്പ് സംഘം അശ്വഘോഷിനെ കുടുക്കാൻ ശ്രമിച്ചു. എന്നാൽ വലയിൽ വീഴാതെ വിദ്യാർഥി തട്ടിപ്പ് സംഘത്തെ കാമറയിൽ പകർത്തി.
ഒരു പരസ്യ തട്ടിപ്പില്‍ അശ്വഘോഷിന്റെ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ സൈബര്‍ സെല്ലിനു കോള്‍ കൈമാറുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലെന്ന വ്യാജേന തട്ടിപ്പുകാര്‍ ഒരു മണിക്കൂറോളം അശ്വഘോഷിനെ ചോദ്യം ചെയ്തു.
എന്നാല്‍ സൈബര്‍ സെക്യൂരിറ്റി രംഗത്ത് പരിചയമുള്ള അശ്വഘോഷ് കൃത്യമായി തട്ടിപ്പുകാര്‍ക്കു മറുപടി നല്‍കി അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തട്ടിപ്പുശ്രമം പൊളിക്കുകയായിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള സംവിധാനം ഇന്ത്യയില്‍ നിലവില്‍ ഇല്ലെന്നും ഇത്തരക്കാര്‍ വിളിക്കുമ്പോള്‍ സ്വന്തം വിവരങ്ങള്‍ നല്‍കരുതെന്നും അശ്വഘോഷ് പറഞ്ഞു.