X

തരൂരിന്റെ സഹായം തേടിയിട്ടില്ലെന്ന് സുഷമ

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ വിധിച്ചതില്‍ പാകിസ്താനെതിരെ പ്രമേയം തയാറാക്കാന്‍ മുന്‍ വിദേശകാര്യസഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശിതരൂരിന്റെ സഹായം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മന്ത്രി സുഷമ സ്വരാജ്.

വാര്‍ത്ത അസംബന്ധമാണെന്നും തന്റെ മന്ത്രാലയത്തില്‍ ധാരാളം കഴിവുള്ള സെക്രട്ടറിമാര്‍ ഉണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. ലോക്‌സഭയിലെ കക്ഷി നേതാവ് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അനുമതിയോടെ തരൂര്‍ പ്രസ്താവന തയ്യാറാക്കാന്‍ സഹായം നല്‍കിയെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നമ്മളെയെല്ലാം ഒരു പോലെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്ന് തരൂര്‍ ഇതോട് പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു.
അതിനിടെ, വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് തരൂര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ആവശ്യമുള്ളപ്പോള്‍ തന്നെ ലഭ്യമാണെന്നും രാഷ്ട്രീയ-വ്യക്തി താത്പര്യങ്ങളേക്കാള്‍ രാഷ്ട്രതാത്പര്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യമായി നടന്ന ചെയ്ത/പറഞ്ഞ വിഷയത്തില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ട്വീറ്റ് ചെയ്യാന്‍ അവരുടേതായ കാരണങ്ങള്‍ കാണും. താന്‍ നിശ്ശബ്ദതയും മാന്യതയും പാലിക്കുന്നു- ട്വിറ്ററില്‍ തരൂര്‍ കുറിച്ചു. തന്ത്രപ്രധാന വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ നേരത്തെ, തരൂരിന്റെ സഹായം തേടിയിട്ടുണ്ട്. 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ സകിയ്യുര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനത്തെ അപലപിച്ച് പാക്കിസ്താനെതിരെ പ്രമേയം തയാറാക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തരൂരിന്റെ സഹായം ആവശ്യപ്പെട്ടത്. അതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ബ്രാന്‍ഡ് അംബാസഡറായി തരൂരിനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

chandrika: