X
    Categories: MoreViews

താനൂരിലെ പൊലീസ്-സി.പി.എം തേര്‍വാഴ്ച; അടിയന്തരപ്രമേയ ചര്‍ച്ചക്ക് അനുമതി നിഷേധിച്ചു. സഭ പ്രക്ഷുബ്ധം; പ്രതിപക്ഷം വാക്കൗട്ട് നടത്തി

 

താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് പിന്തുണയോടെ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ നിയമസഭയെ പ്രക്ഷുബ്ധമാക്കി. സംഭവം പ്രതിപക്ഷത്തിന്റെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനും തുടര്‍ന്നുള്ള വാക്കൗട്ടിനും ഇടയാക്കി. സഭാ നടപടികള്‍ നിറുത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എന്‍.ഷംസുദ്ദീന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസാണ് സഭയെ പിടിച്ചുകുലുക്കിയത്. ഇതിനിടെ താനൂരില്‍ നിന്നുള്ള സി.പി.എം സ്വതന്ത്രഅംഗം വി അബ്ദുറഹ്്മാന്‍ മുസ്്‌ലിംലീഗിനെ അവഹേളിച്ച് സംസാരിച്ചതും പ്രതിപക്ഷത്തെ പ്രകോപിച്ചു. അബ്ദുറഹ്മാന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതേതുടര്‍ന്ന് സ്പീക്കര്‍ അബ്ദുറഹ്മാന്റെ പ്രസ്താവന നിയമസഭാരേഖകളില്‍ നിന്നും നീക്കുകയായിരുന്നു.
പ്രതിപക്ഷത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരില്‍ പൊലീസ്-സി.പി.എം തേര്‍വാഴ്ചയെ ന്യായീകരിക്കുകയായിരുന്നു. അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവന ആവര്‍ത്തിച്ച് ലീഗിനെ അവഹേളിക്കാനും പിണറായി ശ്രമിച്ചു. ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും അടക്കമുള്ള നിരപരാധികളെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും വീടും വാഹനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി തയാറായില്ല. ലീഗ് പ്രവര്‍ത്തകര്‍ സ്തീകളെ അപമാനിക്കുന്നുവെന്നും അക്രമം നടത്തുന്നതിന് വിദേശത്തുനിന്ന് ഫണ്ടു ലഭിക്കുന്നുണ്ടെന്നുമുള്ള അബ്്ദുറഹ്്മാന്റെ പ്രസ്താവനയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്.
ഇതിനിടെ അബ്ദുറഹ്മാന് പിന്തുണയുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ സഭ ശബ്ദായമാനമായി. ആക്ഷേപകരമായ പരാമര്‍ശങ്ങളൊന്നും സഭാരേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് അംഗങ്ങള്‍ പിന്‍മാറിയത്. തുടര്‍ന്നാണ് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതും പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയതും. താനൂര്‍ വിഷയമായതിനാല്‍ സ്ഥലം എം.എല്‍.എ അബ്്ദുറഹ്്മാന് സംസാരിക്കാന്‍ സ്പീക്കര്‍ നല്‍കിയ സമയം അദ്ദേഹം ലീഗിനെ ആക്രമിക്കാനാണ് വിനിയോഗിച്ചത്. പൊലീസ്-സി.പി.എം തേര്‍വാഴ്ചയെ ന്യായീകരിച്ച അബ്ദുറഹ്മാന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു. ലീഗ് ഗുണ്ടാപ്രര്‍ത്തനമാണ് നടത്തുന്നതെന്നും പെണ്‍കുട്ടികളെ നടുറോഡില്‍ അപമാനിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ലീഗിനെക്കുറിച്ച് അബ്്ദുറഹ്്മാന്‍ നടത്തിയ വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും രേഖയില്‍നിന്ന് നീക്കംചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കള്ളപ്പണമുപയോഗിച്ചല്ലെങ്കില്‍ ശരിയായ പണമുപയോഗിച്ചാണ് താനൂരില്‍ അക്രമം നടത്തിയതെന്ന് പ്രതിപക്ഷം പറയാന്‍ തയാറാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ്യം. അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയെന്നതാണ് പൊലീസിന്റെ സമീപനം. രാഷ്ട്രീയപരമായ അക്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും അതിനെ അക്രമമായി കാണും. പ്രദേശത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വം ഇടപെടലുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

chandrika: