X

കേരളത്തിന് നന്ദി-പി.എം.എ. സലാം

കാലുഷ്യത്തിന്റെയും പരസ്പര വൈര്യത്തിന്റെയും കാലത്തൊക്കെ സഹവര്‍ത്തിത്വത്തിന്റെയും ചേര്‍ത്ത് പിടിക്കലിന്റെയും മാനുഷിക മുഖം കേരളത്തിന് പകര്‍ന്ന് നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. പൂര്‍വ്വീകരായ നേതാക്കളെല്ലാം കാലാകാലങ്ങളില്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ച് പോന്നവരുമാണ്. മാനുഷിക മൂല്യങ്ങളെയെല്ലാം കാറ്റില്‍ പറത്തി തല്‍പരകക്ഷികള്‍ രാജ്യത്തന്റെ മതേതര മനസ്സിന് മുറിവേല്‍പിച്ച പലഘട്ടങ്ങളിലും മാനവഐക്യത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലേക്ക് സധൈര്യം ഇറങ്ങിച്ചെന്ന പ്രസ്ഥാനം കൂടിയാണ് മുസ്‌ലിം ലീഗ്.

ഐക്യകേരളത്തി ന്റെ പിറവിക്ക് ശേഷം ഈ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ് എന്നതില്‍ ആര്‍ക്കും തന്നെ തര്‍ക്കമുണ്ടാവില്ല. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരപങ്കാളിത്തത്തിലൂടെയും അല്ലാതെയുമെല്ലാം ന്യൂനപക്ഷ പിന്നോക്ക സമൂഹത്തിനും കേരളീയ പൊതുസമൂഹത്തിനും ലീഗ് നല്‍കിയ സംഭാവനകള്‍ എക്കാലത്തും സ്മരിക്കപ്പെടുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് മുസ്‌ലിം ലീഗിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനമായി മുസ്‌ലിം ലീഗ് നേതൃത്വം കാണുന്നത് നാടിന്റെ ഐക്യവും സൗഹാര്‍ദ്ധവും പൂര്‍വ്വോപരി ശക്തിയോടെ നിലനിര്‍ത്തുക എന്നത് തന്നെയാണ്. കേരളീയ സമൂഹത്തിന്റെ സാമൂഹ്യ, മത, സാംസ്‌കാരിക തലങ്ങളെ വര്‍ഗീയമായതും തീവ്രവുമായ രീതിയിലേക്ക് ചിന്തിപ്പിക്കുക പോലും ചെയ്യാന്‍ അനുവദിക്കാതെ ഭംഗിയായി പരിപാലിക്കുകയും അതിനെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ നിലപാടുകളും നയപരിപാടികളും കാലാനുസൃതമായി നടപ്പിലാക്കുകയും ചെയ്ത പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. അധികാരം നേടാനും നിലനിര്‍ത്താനും ഏത് രാഷ്ട്രീയ കൂട്ട്‌കെട്ടും ”സ്വഹീഹാകുന്ന” രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാടിന്റെ സമാധാനവും സ്വസ്ഥതയും നശിപ്പിക്കുന്ന അത്തരം ദുഃശക്തികളെ അകറ്റി നിര്‍ത്താനും ഒറ്റപ്പെടുത്താനും എന്നും തയ്യാറായവരാണ് മുസ്‌ലിംലീഗ് പാര്‍ട്ടി.
രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഉള്‍പെട്ട അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നിരവധി തവണ സാക്ഷിയായതാണ് രാഷ്ട്രീയ കേരളം. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ പക്ഷേ ഇപ്പോള്‍ കുറച്ച് കാലമായി നാം നിരന്തരം കേള്‍ക്കുകയും കാണുകയും ചെയ്യുന്നു.
ഇത്തരം നീചപ്രവര്‍ത്തികളിലേര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്നതില്‍ ഭരണകൂടം അമാന്തിക്കുന്നത് ഈ പ്രവണത വര്‍ദ്ധിക്കാനിടവരുത്തിയിട്ടുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്.

രാഷ്ട്രീയവും മതപരവുമായ സംഘടനാ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യര്‍ തമ്മിലെ സ്‌നേഹത്തിനും സൗഹാര്‍ദ്ധത്തിനും വിലകല്‍പിച്ചിരുന്നവരാണ് നാം കേരളീയര്‍. എന്നാല്‍ ഈ മാനവിക സ്‌നേഹത്തേയും പരസ്പര വിശ്വാസത്തേയും തകര്‍ക്കാന്‍ ചില ശക്തികള്‍ ഈയടുത്ത കാലത്തായി നമ്മുടെ കൊച്ചുകേരളത്തിലും ശ്രമങ്ങള്‍ നടത്തുന്നത് പകല്‍പോലെ വ്യക്തമായതാണ്. വിവിധ സമുദായങ്ങളേയും സമൂഹങ്ങളേയും തമ്മിലടിപ്പിക്കാനും അത് വഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും മുന്‍കാലങ്ങളിലും പലരും ശ്രമിച്ചതാണ്. അതെല്ലാം ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ എന്നും മുന്നില്‍ നിന്ന നേതൃത്വമാണ് മുസ്‌ലിം ലീഗിന് ഉണ്ടായിട്ടുള്ളത്. മതസഹിഷ്ണുതക്കും മതേതര ചിന്താഗതിക്കും പ്രാമുഖ്യം നല്‍കിയാണ് മഹാനായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മുതല്‍ എല്ലാ നേതാക്കളും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ നയിച്ചത്. നാട്ടില്‍ അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ ശാന്തിമന്ത്രമോതിയാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ മുന്‍കാലങ്ങളില്‍ പ്രതിരോധകവചം തീര്‍ത്തത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിലൂടെ ഒരിക്കല്‍ കൂടി ആ പാരമ്പര്യം ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ കലുഷിതമാക്കി അത് വഴി മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനുള്ള തങ്ങളുടെ ആഹ്വാനം കേരളം ഏറ്റെടുത്തു എന്ന് കഴിഞ്ഞ ദിനങ്ങളില്‍ കേരളത്തിലെ പതിനാല് ജില്ലകളിലും നടന്ന സുഹൃദ്‌സംഗമങ്ങള്‍ വിളിച്ചോതുന്നു.

മതത്തിനും ജാതിക്കും സംഘടനകള്‍ക്കുമപ്പുറം നാടിന്റെ സമാധാനത്തിനും പരസ്പര ഐക്യത്തിനും വേണ്ടി നിലകൊള്ളാന്‍ ഒന്നും തന്നെ തടസ്സമായിക്കൂടാ എന്ന സന്ദേശമാണ് ബഹുമാനപ്പെട്ട തങ്ങള്‍ ഈ പര്യടനത്തിലൂടെ കേരളത്തിന് നല്‍കിയത്. ഈ എളിയ ദൗത്യത്തിന് പ്രതീക്ഷിച്ചതിലും വലിയ വരവേല്‍പാണ് കേരളം നല്‍കിയത്. പതിനാല് ജില്ലകളിലേയും സുഹൃദ്‌സംഗമങ്ങളിലേക്ക് വന്ന് ചേര്‍ന്നത് കേരളത്തിന്റെ പരിഛേദമാണ്. വിവിധ മതമേലധ്യക്ഷന്മാര്‍, പുരോഹിതന്മാര്‍, പണ്ഡിതര്‍, ആത്മീയാചാര്യന്മാര്‍, സാംസ്‌കാരിക നായകര്‍, കലാകാരന്മാര്‍, വാണിജ്യ വ്യവസായ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ തുടങ്ങി വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം എത്തി അവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്ക് വെച്ചു. സുഹൃദ്‌സംഗമങ്ങളുടെ ഉദ്ദേശശുദ്ധിയില്‍ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തുകയും ബഹുമാനപ്പെട്ട തങ്ങളുടെ ഈ പരിശ്രമത്തിന് മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. കേരളത്തില്‍ സമാധാനഭംഗമുണ്ടാക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിച്ചപ്പോഴൊക്കെ മലപ്പുറത്തുനിന്നു വരുന്ന ശാന്തിയുടെ ആഹ്വാനമാണ് കേരളത്തെ രക്ഷിച്ചതെന്നും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനും പാണക്കാട് കുടുംബത്തിനും മാത്രമേ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കാന്‍കഴിയൂവെന്നും കേരളീയ പൊതുസമൂഹത്തിലെ പ്രമുഖരെല്ലാം ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടപ്പോള്‍ സയ്യിദ് സാദിഖലി തങ്ങളുടെ പര്യടനം സാര്‍ത്ഥകമായി.

ഓരോ ജില്ലയിലും സുഹൃദ് സംഗമങ്ങളും പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ അഹോരാത്രം കര്‍മ്മവീഥിയിലുണ്ടായിരുന്നു. ജില്ലാ ഭാരവാഹികളെയും പോഷക ഘടകം നേതാക്കളെയും പ്രവര്‍ത്തകരെയും മുക്തകണ്ഠം പ്രശംസിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയിലെ സഹഭാരവാഹികളും ജില്ലാ നിരീക്ഷകന്മാരും പരിപാടികളുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. അതിലുപരി മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും പ്രോത്സാഹനവും ജില്ലാ സംഗമങ്ങളുടെ വിജയത്തിന് കാരണമായി. തങ്ങളുടെ ഈ പര്യടനം കേരളീയ പൊതുസമൂഹം ഏറ്റെടുത്തതിന് കാരണം ഓരോ ജില്ലയിലും നടന്ന മികച്ച സംഘാടനം കൂടിയാണ്. മാധ്യമങ്ങളും നിറഞ്ഞ പിന്തുണ നല്‍കി. എല്ലാവര്‍ക്കും മനം നിറഞ്ഞ നന്ദി…..

Chandrika Web: