പല അവസ്ഥകളിലൂടെയും കുടുംബം കടന്നു പോയെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു. എല്ലാത്തിനുമുള്ള ഉത്തരം അവസാനം ലഭിച്ചെന്നും അവര്‍ പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കണ്ടെത്തിയിരുന്നു. അര്‍ജുനെ തിരികെ ലഭിക്കില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് മുന്നോട്ട് പോയതെന്നും സഹോദരി പറഞ്ഞു. മൂന്നാംഘട്ട തിരച്ചില്‍ വരെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.
ഡിഎന്‍എ ഫലം വന്നാല്‍ ഉടന്‍ മൃതദേഹം എത്തിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും നടത്തുന്നുണ്ടെന്നും അഞ്ജു പറഞ്ഞു. ഡ്രഡ്ജിങ്ങ് സാധ്യമാക്കിയ കര്‍ണാടക സര്‍ക്കാരിനോടും നന്ദിയുണ്ടെന്ന് അഞ്ജു പറഞ്ഞു.
ലോറി ഉടമ മനാഫ് കൂടെ നിന്നെന്നും എല്ലാവരുടെയും ലക്ഷ്യം ഒന്നായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടെ നിന്ന മലയാളികള്‍ക്കും എല്ലാവര്‍ക്കും നന്ദിയെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു.