X

‘പി.വി അന്‍വറിന്റെ റോപ്പ് കട്ട കള്ളന് നന്ദി; മലപ്പുറം എസ്.പിയെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമെന്ന് വ്യക്തമായി’- പി.കെ നവാസ്

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും, മലപ്പുറം എസ്.പി എസ്. ശശിധരനും തമ്മിലുള്ള പോര് കനക്കുന്നതിനിടെ ഉദ്യോഗസ്ഥനെതിരെ തങ്ങള്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോള്‍ സത്യമെന്ന് തെളിഞ്ഞതായി എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസ്. എ.എസ്.ഐ ശ്രീകുമാറിന്റെ മരണത്തില്‍ പങ്ക്, ആത്മഹത്യാക്കുറിപ്പ് അടങ്ങിയ ഡയറി നശിപ്പിച്ചു, താനൂര്‍ കസ്റ്റഡികൊലയില്‍ പങ്ക്, താനൂര്‍ ബോട്ടപകടം അട്ടിമറിക്കാന്‍ നേതൃത്വം നല്‍കി, മലപ്പുറത്ത് ആസൂത്രിതമായി കേസുകള്‍ കെട്ടിച്ചമച്ച് ക്രിമിനല്‍ ജില്ലയാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് തങ്ങളുന്നയിച്ചിരുന്നു. അന്നത് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ ഭരണപക്ഷവും അവരുടെ എം.എല്‍.എമാരും ഇപ്പോള്‍ സ്വന്തം പോസ്റ്റില്‍ ഗോളടിച്ച് പക വീട്ടുകയാണെന്ന് നവാസ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.കെ നവാസിന്റെ പ്രതികരണം.

‘കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പ ചുമത്തി നാടുകടത്തുന്ന ജില്ലയായി മലപ്പുറത്തെ മാറ്റുന്നു, കോട്ടക്കല്‍ സ്റ്റേഷനില്‍ പുതിയ കെട്ടിടനിര്‍മാണത്തിന്റെ ഭാഗമായി അനധികൃതമായി പണം പിരിച്ച് പോക്കറ്റിലാക്കി, മലപ്പുറം എം.എസ്.പി സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ വന്‍ തുക കോഴ വാങ്ങി, എസ്.പിയുടെ ക്യാമ്പ് ഓഫീസിനകത്തു നിന്ന് മരങ്ങള്‍ മുറിച്ച് സ്വന്തമായി ഫര്‍ണിച്ചര്‍ ഉണ്ടാക്കുകയും പുറത്തേക്ക് വില്‍ക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു, ജില്ലയില്‍ കൃത്രിമമായി കഞ്ചാവ് കേസുകള്‍ ഉണ്ടാക്കുന്നു, എറണാകുളം റൂറല്‍ എ.എസ്.പി ആയിരുന്ന സമയത്ത് ഇത്തരം കള്ളക്കേസുണ്ടാക്കി ആറ് ചെറുപ്പക്കാരുടെ ജീവിതം തകര്‍ത്ത കേസ് വര്‍ഷങ്ങളായി അധികാരം ഉപയോഗിച്ച് ഫ്രീസ് ചെയ്തിരിക്കുന്നു, മോന്‍സണ്‍ മാവുങ്കലെന്ന ഭൂലോക ഫ്രോഡുമായി അടുത്ത ബന്ധം, വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു, ഇതിനെല്ലാം പിന്നില്‍ സി.പി.എം ജില്ലാ കമ്മറ്റിയംഗമായ അനില്‍ ആണ്, എല്ലാ കച്ചവടത്തിന്റേയും ഒരു ഓഹരി പറ്റിയത് അനിലാണ്’- എന്നുള്ള ആരോപണങ്ങളും തങ്ങളുന്നയിച്ചിരുന്നതായി പി.കെ നവാസ് പറയുന്നു.

‘ഭരണപക്ഷ എം.എല്‍.എ ആയ തന്റെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നിന്ന് 60 ലക്ഷത്തിന്റെ റോപ്പ് കാണാതായിട്ട് ഞാന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി അത് കണ്ടെത്തിത്തന്നില്ല’- എന്നതാണ് അന്‍വര്‍ എം.എല്‍.എയുടെ ഈ പോരാട്ടത്തിന് കാരണം. എന്തായാലും, അന്‍വര്‍ എം.എല്‍.എയുടെ റോപ്പ് കട്ട കള്ളന് നന്ദി. പിണറായി വിജയന്റെ ഒരു ഫോണ്‍കോളില്‍ എല്ലാത്തിനും ശുഭവസാനമാകുമെന്നറിയാം. കാരണം അന്ന് മുതലേ എസ്.പിയുടെ അങ്കിള്‍ ബന്ധത്തെ പറ്റി തങ്ങള്‍ പറയുന്നുണ്ട്’.

ഉന്നത പൊലീസ് മേധാവിക്കെതിരായ കൊലപാതകം മുതല്‍ കട്ടെടുക്കല്‍ വരെയുള്ള ആരോപണങ്ങളും തെളിവുകളുമുള്ള സ്ഥിതിക്ക് അദ്ദേഹത്തിനും, ഇതില്‍ പങ്കുള്ള ഇപ്പോഴും ജില്ലക്കകത്ത് ജോലി ചെയ്യുന്ന ഡിവൈ.എസ്.പിമാര്‍, ഈ കേസുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്ന എസ്.ഐമാര്‍, സി.ഐമാര്‍ എന്നിവരെയും ചേര്‍ത്ത് അന്വേഷണത്തിന് തയാറാവണം. അന്വേഷണ സംഘത്തിനു മുന്നില്‍ ആവശ്യമുള്ള തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നും പി.കെ നവാസ് കൂട്ടിച്ചര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

>ഇതിനെല്ലാം പിറകിൽ CPIM ജില്ലാ കമ്മറ്റി അംഗമായ അനിൽ ആണ് ,എല്ലാ കച്ചവടത്തിൻ്റെയും ഒരു ഓഹരി പറ്റിയത് അനിലാണ്

ഇങനെ ഗുരുതരമായ ആരോപണം ഞങ്ങൾ ഉന്നയിച്ചപ്പോൾ, രാഷ്ട്രീയ പ്രേരിതമെന്ന് പറഞ ഭരണപക്ഷവും ഭരണപക്ഷ എം.എൽ.എ മാരും ഇപ്പൊ സ്വന്തം പോസ്റ്റിൽ ഗോളടിച്ച് പക വീട്ടുകയാണ്.

അൻവർ എം.എൽ.എ യുടെ ഈ പോരാട്ടത്തിന് കാരണം ഒന്നേ ഒന്ന് മാത്രം “ഭരണപക്ഷ എം.എൽ.എ ആയ എന്റെ അമ്യൂസ്മെൻ്റ് പാർക്കിൽ നിന്ന് 60 ലക്ഷത്തിൻ്റെ റോപ്പ് കാണാതായിട്ട് ഞാൻ നൽകിയ പരാതിയിൽ അന്വോഷണം നടത്തി എന്റെ റോപ്പ് കണ്ടെത്തി തന്നില്ല. അൻവർ എം.എൽ.എ യുടെ റോപ്പ് കട്ട കള്ളന് നന്ദി.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു വർഷം മുൻപ് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണെന്ന് ഈ ചക്കളത്തിൽ പോരിൽ പുറത്ത് വന്നതിൽ സന്തോഷം.

പിണറായി വിജയന്റെ ഒരു ഫോൺകോളിൽ എല്ലാത്തിനും ശുഭവസാനമാകുമെന്നറിയാം. കാരണം അന്ന് മുതലേ sp യുടെ അങ്കിൾ ബന്ധത്തെ പറ്റി ഞങൾ പറയുന്നുണ്ട്.

എങ്കിലും പറയാം ഉന്നത പോലീസ് മേധാവിക്കെതിരെയുള്ള കൊലപാതകം മുതൽ കട്ടെടുക്കൽ വരെയുള്ള ആരോപണങ്ങളും തെളിവുകളും ഉള്ള സ്ഥിതിക്ക് അദ്ദേഹത്തിനും ഇതിൽ പങ്കുള്ള ഇപ്പോഴും ജില്ലക്കകത്ത് ജോലി ചെയ്യുന്ന dysp മാർ ഈ കേസുകൾ അട്ടിമറിക്കാൻ കൂട്ട് നിന്ന SI,CI മാർ എന്നിവരെയും ചേർത്ത് അന്വോഷണത്തിന് തയ്യാറാകണം.

അന്വേഷണ സംഘത്തിൻ്റെ മുന്നിൽ ആവശ്യമുള്ള തെളിവുകൾ നൽകാൻ തയ്യാറാണ്.

പികെ നവാസ്

webdesk13: