X

ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിവാദം; മോദിയുടെ നയതന്ത്രത്തേയും വിദേശകാര്യമന്ത്രിയേയും പരഹസിച്ച് രാഹുല്‍ ഗാന്ധി

ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടെ മോദി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തില്‍ മോദിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇന്ത്യയ്ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ലെന്നുമായിരുന്നു ജയ്ശങ്കറിന്റെ വാദം.

എന്നാല്‍ വിദേശകാര്യ മന്ത്രിയുടെ വാദത്തെ പരിഹസിച്ച രാഹുല്‍, ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവില്ലായ്മ മറച്ചുവെച്ചതിന് ബഹുമാനപ്പെട്ട ജയ്ശങ്കറിന് നന്ദിയുണ്ടെന്നും ഇന്ന് അദ്ദേഹവുമായി ഇടപെടുമ്പോള്‍ നയതന്ത്രത്തെക്കുറിച്ച് സ്വല്പം പഠിപ്പിച്ചുകൊടുക്കണമെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിഹസിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വിശദീകരണ റിപ്പോര്‍ട്ട് ടാഗ് ചെയ്തായിരുന്നു രാഹുലിന്റെ ട്വീറ്റ്‌.

“ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവില്ലായ്മ മറച്ചുവെച്ചതിന് ബഹുമാനപ്പെട്ട ജയ്ശങ്കറിന് നന്ദി. പക്ഷംപിടിച്ച് മുഖസ്തുതി നടത്തിയ മോദിയുടെ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി ഇടപെടുമ്പോള്‍ നയതന്ത്രത്തെക്കുറിച്ച് അദ്ദേഹത്തിന് സ്വല്പം പഠിപ്പിച്ചുകൊടുക്കണം.”, രാഹുല്‍ ട്വീറ്റ് ചെയ്തു.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വാഷിങ്ടണില്‍ എത്തിയപ്പോഴാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വിവാദ പ്രസ്താവന സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിശദീകരണം നല്‍കിയത്. ‘പ്രധാനമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് വളരെ ശ്രദ്ധയോടെ പരിശോധിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് ജനങ്ങളോട് പറയാറുള്ള വാചകം തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, ജയശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് നല്ലകാര്യമാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൂസ്റ്റണില്‍ അരങ്ങേറിയ ഹൗഡി മോദി രാഷ്ട്രീയ നാടകം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തന്നെ തിരിച്ചടിയായിരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയില്‍ നയതന്ത്രം നിയമം തെറ്റിച്ച് അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ട്രംപ് തന്നെ വരണം എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നതാണ് വിവാദമായിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി ട്രംപിനെതിരെ രണ്ടുംകല്‍പ്പിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നടപടി തുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സമിതികളെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്. ട്രംപ് നടത്തിയ കുറ്റങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ശേഷം അന്വേഷണസമിതിയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്ലബിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ട്രംപ് തന്നെയാണ്.

കൂടാതെ ഉെ്രെകന്‍ പ്രസിഡണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമായ തെളിവോടെ പുറത്തുവന്നതും ട്രംപിനെ കുടുക്കിയിട്ടുണ്ട്. അടുത്തവര്‍ഷം നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ എതിരാളിയായ മുന്‍ വൈസ് പ്രസിഡണ്ട് ഡെമോക്രാറ്റിക്കുകാരനായ ജോ ബൈഡനെ വ്യക്തിപരമായി തേജോവധം ചെയ്യാനായി അഭ്യര്‍ത്ഥിക്കുന്ന സംഭാഷണമാണ് പുറത്തായത്. ഇത്തരമൊരു അഭ്യര്‍ത്ഥനതന്നെ അമേരിക്കന്‍ ഭരണഘടനാവിരുദ്ധമാണെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി കുറ്റപ്പെടുത്തി. ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടിക്കു ജനപിന്തുണയേറിവരുകയാണെന്നും പെലോസി പറഞ്ഞു.

ഹൗഡി മോദി പരിപാടിക്കിടെ ‘ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യത്തോടെയാണ് മോദി ട്രംപിനെ വേദിയിലേയ്ക്ക് സംസാരിക്കാന്‍ ക്ഷണിച്ചത്. ഇതോടെ മോദി നടത്തിയ അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന പ്രസ്താവന, 2020 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമാണെന്ന വിമര്‍ശനം ഉയരുകയായിരുന്നു. അതേസമയം മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ ഇടപെട്ടത് നയതന്ത്ര കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തിയിരുന്നു. കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയത്തിന്റെ ലംഘനമാണ് പ്രധാനമന്ത്രി മോദി ഹൂസ്റ്റണ്‍ വേദിയില്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടോ ഡെമോക്രാറ്റുകളോടോ പക്ഷംപിടിക്കാത്ത നയമാണ് ഇതുവരെ ഇന്ത്യ എടുത്തിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

chandrika: