ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പിലെ സമാജ് വാദി പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തില്‍ ആദ്യം ബിഎസ്പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാല്‍ ജനങ്ങളുടെ പ്രതികരണം എന്താവുമെന്ന് സങ്കല്‍പ്പിക്കാവുന്നതേയുള്ളെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.
ജനങ്ങളെ വേദനിപ്പിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിയുള്ള വിധിയാണ് ഇത്. പൊതുജനങ്ങളെ വേദനിപ്പിക്കുമ്പോള്‍ അവര്‍ക്ക് അവസരം വരുമ്പോള്‍ മറുപടി നല്‍കുമെന്ന് ബി.ജെ.പി മറന്നു. എന്നാല്‍ ജനങ്ങള്‍ അതിനു വോട്ടിലൂടെ ഏറ്റവും അനുയേജ്യമായ മറുപടി നല്‍കി. ഗോരഖ്പുരിലെയും ഫൂല്‍പ്പൂരിലെയും വിജയത്തിന് ബിഎസ്പിയ്ക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നു. സര്‍ക്കാറിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് എസ്പിക്ക് ലഭിച്ച ലക്ഷക്കണക്കിന് വോട്ടുകളെന്നും അഖിലേഷ് യാദവ് പറഞ്ഞു.
നേരത്തെ യു.പിയില്‍ എസ്.പി ബി.എസ്.പി സഖ്യത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്നും മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും അഭിനന്ദിക്കുന്നതായും മമത ബാനര്‍ജി ട്വീറ്ററില്‍ കുറിച്ചു.
കഴിഞ്ഞ അഞ്ച് തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരക്പൂര്‍ മണ്ഡലത്തില്‍ സമാജ്പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് വിജയിച്ചത്. ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പട്ടേല്‍ അന്‍പതിനായിത്തിലധിം ലീഡിലാണ് ജയിച്ചത്. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമാണ് ഫുല്‍പൂര്‍.