അഹമ്മദാബാദ്: മതമൈത്രി വിളിച്ചോതുന്ന പരസ്യം നല്‍കിയതിനു ഭീഷണിയുണ്ടായ ജ്വല്ലറി ബ്രാന്‍ഡ് തനിഷ്‌ക്കിന്റെ ഗുജറാത്തിലെ കടയ്ക്കു നേരെ ആക്രമണം. അക്രമികള്‍ സ്റ്റോര്‍ മാനേജരെ കൊണ്ട് മാപ്പെഴുതിച്ചതായും ഇത് ജ്വല്ലറിയുടെ വാതിലില്‍ ഒട്ടിച്ചുവെച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജ്വല്ലറി ആരും ആക്രമിച്ചിട്ടില്ലെന്നാണ് ജ്വല്ലറി മാനേജ്‌മെന്റ് അറിയിക്കുന്നത്.
മതേതര പരസ്യം പ്രസിദ്ധീകരിച്ച് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതിന് കച്ച് ജില്ലയിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നാണ് ഗുജറാത്തിലെ ഗാന്ധിധാമിലെ തനിഷ്‌ക് സ്റ്റോര്‍ ആക്രമിക്കപ്പെട്ട ശേഷം മാനേജരുടെ ക്ഷമാപണ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, തനിഷ്‌ക് പരസ്യത്തില്‍ പ്രകോപിതരായ ചിലര്‍ ഷോറൂമിനെ ആക്രമിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഷോറൂം മാനേജരും ലോക്കല്‍ പോലീസും നിരസിച്ചു. അത്തരം ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് കച്ച് ഈസ്റ്റിലെ പോലീസ് സൂപ്രണ്ട് മയൂര്‍ പാട്ടീല്‍ പറഞ്ഞു.
ലൗ ജിഹാദിനു പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ഹിന്ദുത്വര്‍ സാമുഹിക മാധ്യമങ്ങളിലൂടെ ആദ്യം പരസ്യത്തിനെതിരേ രംഗത്തെത്തിയത്. പരസ്യത്തിനെതിരായ നീക്കങ്ങളെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, എഴുത്തുകാരന്‍ ചേതന്‍ ഭഗത് തുടങ്ങിയവര്‍ അപലപിക്കുകയും ഇത് ഇന്ത്യയുടെ ആശയത്തിന് എതിരാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, വിവാദവും ഭീഷണിയും ഭയന്ന് പരസ്യം ചൊവ്വാഴ്ച തന്നെ തനിഷ്‌ക് ജ്വല്ലറി അധികൃതര്‍ പിന്‍വലിച്ചിരുന്നു.
വികാരം വ്രണപ്പെടുത്താന്‍ കാരണമായതില്‍ അതിയായ ദുഖമുണ്ടെന്നും വീഡിയോ പിന്‍വലിക്കുകയാണെന്നുമായിരുന്നു തനിഷ്‌ക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. ‘അശ്രദ്ധമായി വികാരം വ്രണപ്പെട്ടതില്‍ ഞങ്ങള്‍ അതീവ ദുഖിതരാണെന്നും ജീവനക്കാരുടെയും പങ്കാളികളുടെയും സ്റ്റോര്‍ ജീവനക്കാരുടെയും വേദനയും വികാരങ്ങളും ക്ഷേമവും കണക്കിലെടുത്ത് വീഡിയോ പിന്‍വലിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.