X

കേരളം ഒറ്റക്കെട്ടായി എം.ടിക്കൊപ്പമുണ്ടാകും: തങ്ങള്‍

മലപ്പുറം: നാടിന്റെ മൈത്രിക്കും സമാധാനത്തിനും സാംസ്‌കാരിക പുരോഗതിക്കും എം.ടി വാസുദേവന്‍നായര്‍ നല്‍കിയ സേവനവും സംഭാവനകളും അറിയുന്ന ഒരാളും ഒരിക്കലും അദ്ദേഹത്തെ അവമതിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഓരോ മലയാളിയുടെയും മനസ്സില്‍ അഭിമാനബോധവും ദേശസ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാണ് എം.ടി തന്റെ സാഹിത്യ സൃഷ്ടികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇക്കാലമത്രയും പരിശ്രമിച്ചിട്ടുള്ളത്.

അദ്ദേഹത്തിന്റെ ഓരോ വാക്കുകളും നന്മയും ശുഭപ്രതീക്ഷകളുമാണ് സമൂഹത്തിന് നല്‍കിയിട്ടുള്ളത്. രാജ്യത്ത് വര്‍ഗീയത ശക്തിപ്പെടുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുമ്പോഴും നാടിനെ ഉണര്‍ത്തി ഒരുമിപ്പിച്ചു നിര്‍ത്തുന്ന യഥാര്‍ത്ഥ ജനനായകനാണ് എം.ടി വാസുദേവന്‍നായര്‍. രാജ്യം ഒന്നടങ്കം നേരിടുന്ന സാമ്പത്തിക ദുരിതത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ സാമൂഹികമായ ഉത്തരവാദിത്തമുള്ള വ്യക്തി എന്ന നിലയില്‍ തന്നെയാണ് അദ്ദേഹം കറന്‍സി നിരോധനത്തെക്കുറിച്ച് പ്രതികരിച്ചത്.

അതിന്റെ പേരില്‍ അസഹിഷ്ണുത നിറഞ്ഞ പ്രസ്താവനകളിലൂടെ എം.ടി വാസുദേവന്‍നായരെ അവമതിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്കെതിരെ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുവന്നവര്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. എം.ടിയോടൊപ്പം കക്ഷിഭേദമന്യെ കേരള ജനതയുണ്ടാകും- തങ്ങള്‍ പറഞ്ഞു.

chandrika: