X

‘സംഘ് പരിവാര്‍ അസഹിഷ്ണുതക്കെതിരെ മതേതര ചേരി ശക്തിപ്പെടുത്തണം’;പന്ന്യന്‍ തങ്ങളെ സന്ദര്‍ശിച്ചു

മലപ്പുറം: സമീപകാലത്ത് സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ അതിഭീകര അസഹിഷ്ണതയാണ് നടമാടുന്നതെന്ന് മുതിര്‍ന്ന സിപിഐ നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പന്ന്യന്‍ രവീന്ദ്രന്‍. മത നിരപേക്ഷതയുടെ മൂല്യങ്ങള്‍ ധ്വംസിക്കാന്‍ വര്‍ഗീയ ശക്തികള്‍ ഇറങ്ങി തിരിച്ച സാഹചര്യത്തില്‍ മതേതര ചേരി ശക്തിപ്പെടേണ്ടതിന്റെ അനിവാര്യത വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാനമായി സംവിധായകന്‍ കമലിനും എഴുത്തുകാരനായ എംടിക്കെതിരെയും ഉണ്ടായ ഭീഷണിയും വിലക്കും അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദറലി ശിഹാബ് തങ്ങളുടെ വസതിയില്‍ തങ്ങളുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിന് പാര്‍ടിയുടെ എല്ലാ വിധ പിന്തുണയും തങ്ങള്‍ അറിയിച്ചു.

ഉത്തരേന്ത്യയിലെ ബിജെപി നേതാക്കളെ പോലെ അത്യന്തം വിഷലിപ്തമായ പ്രസ്താവനകള്‍ പൊതുവെ കേരളത്തില്‍ ബിജെപി നേതാക്കള്‍ നടത്താറുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രബുദ്ധതയുളള ഇവിടെ അത് വിപരീത ഫലമാണുണ്ടാക്കുക എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും പ്രമുഖ സംവിധായകനുമായ കമല്‍ തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളയാളും അതിനാല്‍ നാടുവിട്ടു പോകാമെന്നുള്ള ബിജെപി ജനറല്‍ സെക്രടറി എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവന കേരളത്തിലും ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇരുവരും ചര്‍ച്ച ചെയ്തു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, മുഹമ്മദലി ശിഹാബ് ഐഎഎസ്, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹ്മദ് സാജു, എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

chandrika: