പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ഏറെ സന്തോഷവും അഭിമാനവും തോന്നിയ ഒരു കൂടിച്ചേരലിന് ഇന്നലെ സാക്ഷിയായി. നാടിനെ പിടിച്ചുകുലുക്കിയ പ്രളയദുരന്തത്തിന്റെ കെടുതികളില്‍ നിന്നും മുക്തമായെങ്കിലും പ്രളയം ബാക്കിവെച്ചതും നമ്മെ ഓര്‍മപ്പെടുത്തുന്നതുമായ ഒട്ടേറെ നല്ല സന്ദേശങ്ങളുണ്ട്. അശുഭകരമായ വാര്‍ത്തകള്‍ മാത്രം കേട്ട് ലജ്ജിച്ചു നിന്ന നമുക്ക് പ്രളയഭൂമിയില്‍ നിന്ന് കേള്‍ക്കാനായത് സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും നന്മ നിറഞ്ഞ വാര്‍ത്തകളായിരുന്നു.
നിലക്കാത്ത പേമാരിയില്‍ ഒന്നു പകച്ചുപോയ കേരളം ഒട്ടും താമസിക്കാതെ മടങ്ങിവന്ന കാഴ്ചയാണ് നാം കണ്ടത്. സ്വന്തം ജീവന്‍ പോലും പണയംവെച്ച് മുങ്ങിപ്പോകുന്ന മനുഷ്യസഹോദരങ്ങളുടെ കൈപിടിച്ച് ജീവിതത്തിലേക്ക് വലിച്ചുകയറ്റുന്നവരെയും അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ വൃത്തിയാക്കുന്നവരെയും നാം കണ്ടു. പ്രളയക്കെടുതികള്‍ രൂക്ഷമായ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കാന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ, മത, സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നു. കൈ മെയ് മറന്നുള്ള അവരുടെ വിലമതിക്കാനാവാത്ത സേവനങ്ങളാണ് കേരളത്തെ തിരിച്ചുകൊണ്ടുവന്നതും. പ്രളയക്കെടുതിയില്‍ എല്ലാം തകര്‍ന്നടിഞ്ഞ ചെങ്ങന്നൂരിനെ കൈപിടിച്ചുയര്‍ത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയാന്‍ ഇന്നലെ ബിഷപ്പ് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് നേരിട്ടെത്തിയത് ഈ സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും തുടര്‍ച്ചയായിരുന്നു. മതങ്ങളെ തമ്മിലടിപ്പിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടെന്നും അവരുടെ സ്വാര്‍ഥതക്ക് മുമ്പില്‍ ഐക്യം തകര്‍ന്ന് പോകരുതെന്നുമുള്ള സന്ദേശമാണ് അദ്ദേഹം നല്‍കിയത്. പുതിയൊരു കേരളത്തിനായി നമ്മുക്കൊരുമ്മിച്ച് കൈ കോര്‍ക്കാം