X
    Categories: CultureMoreNewsViews

മുസ്‌ലിംലീഗ് പ്രളയ ദുരിതാശ്വാസനിധി: തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി ധനസഹായം കൈമാറി

മലപ്പുറം: പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംലീഗ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ ധനസഹായം. വിവിധ സമാഹരണ പദ്ധതികളിലൂടെ സ്വരൂപിച്ച ആദ്യ ഗഡുവായ 55 ലക്ഷം രൂപ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. നേരത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി പോഷക സംഘടനകളുടേതുള്‍പ്പെടെ 78 ലക്ഷം രൂപയുടെ ധനസഹായം തമിഴ്‌നാട് ഘടകം നല്‍കിയിരുന്നു. കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാട് ജനതയുടെ മുഴുവന്‍ പിന്തുണയുമുണ്ടാവുമെന്ന് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. കേരളത്തിന്റെ ദുഃഖം തമിഴ് മക്കളുടേതു കൂടിയാണ്.

അത്‌കൊണ്ട് തന്നെയാണ് പ്രളയ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ കേരളത്തിലേക്ക് കയറ്റി അയച്ചത്. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗ് ഘടകത്തിന്റേയും പോഷക സംഘനടകളുടെയും പൂര്‍ണ പിന്തുണയും സഹായവുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോട് അയല്‍ സംസ്ഥാനങ്ങള്‍ കാണിക്കുന്ന സ്‌നഹവും കരുതലും നന്ദിപൂര്‍വം സ്മരിക്കുന്നതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. തമിഴ്‌നാട് ജനതയുടെ കാരുണ്യ ഹസ്തം കേരള ജനതക്ക് ആശ്വാസം പകരുന്നതാണ്. കരഞ്ഞു കലങ്ങിയ കാലത്ത് ആശ്വാസം പകര്‍ന്ന് കൂടെ നിന്നവരെ പ്രാര്‍ത്ഥനാ പൂര്‍വം ഓര്‍ക്കുന്നതായും തങ്ങള്‍ പറഞ്ഞു.

മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. നാലകത്ത് സൂപ്പി, മുസ്‌ലിംലീഗ് തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം മുഹമ്മദ് അബൂബക്കര്‍ എം.എല്‍.എ, ട്രഷറര്‍ എം.എസ്.എ ഷാജഹാന്‍, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എന്‍.എ കരീം, എസ്.എച്ച് മുഹമ്മദ് അര്‍ഷാദ്, കെ.എം നിസാമുദ്ദീന്‍, എസ്.എ മുഹമ്മദ് ഇബ്രാഹീം മക്കി, കുഞ്ഞുമോന്‍ ഹാജി, മന്‍ദുല്‍ ഹസന്‍ പങ്കെടുത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: