ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ കളത്തിലിറങ്ങാന്‍ കോണ്‍ഗ്രസ്സും. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിക്കും പങ്കുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റേയും ഇടപെടല്‍.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തിരുനാവുക്കരയുമായും പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് കെ. രാമസ്വാമിയേയും ഹൈക്കമാന്‍ഡ് വിളിപ്പിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്താനിരിക്കുകയാണ്. തമിഴ്‌നാട് നിയമസഭയില്‍ കോണ്‍ഗ്രസ്സിന് എട്ട് അംഗങ്ങളാണുള്ളത്. പ്രതിപക്ഷമായ ഡി.എം.കെയുടെ സഖ്യകക്ഷികളുമാണവര്‍. അണ്ണാ ഡി.എം.കെക്ക് നിലവില്‍ 135 അംഗങ്ങളാണുള്ളത്. ഇതില്‍ 129പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ശശികല അവകാശപ്പെടുന്നുണ്ട്. 134പേരുടെ പിന്തുണച്ചുള്ള ഒപ്പും ശശികല ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ 30ല്‍ അധികം എം.എല്‍.എമാര്‍ സ്വതന്ത്രമായി തീരുമാനം കൈക്കൊള്ളാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉപവസിക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പിച്ച ശശികലയിപ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ തേടി കോണ്‍ഗ്രസിനെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ശശികലക്ക് പരസ്യമായി പിന്തുണ നല്‍കുമ്പോള്‍ ഡി.എം.കെയുമായുള്ള ഇപ്പോഴത്തെ കൂട്ടുകെട്ടില്‍ വിള്ളല്‍ വിഴുമോയെന്ന പേടിയും കോണ്‍ഗ്രസ്സിനുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അണ്ണാഡി.എം.കെ പിളര്‍ന്ന് തിരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ ഡി.എം.കെക്കൊപ്പം നിന്ന് അധികാരത്തിലെത്താന്‍ തന്നെയാണ് കോണ്‍ഗ്രസും തയ്യാറെടുക്കുന്നത്.
അതേസമയം, അണ്ണാ ഡി.എം.കെ പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ പ്രാഥമിക അഗത്വത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് ഇ.മദുസൂദനനെ പുറത്താക്കി. ഒ.പനീര്‍സെല്‍വത്തെ പിന്തുണച്ച് മധുസൂദനന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടേതാണ് പുറത്താക്കല്‍ നടപടി.