ചെന്നൈ: നടനും മക്കള്‍ നീതി മെയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി രംഗത്ത്. കമല്‍ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹിന്ദുഭീകരവാദത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവാണെന്ന് പറഞ്ഞ ആ നാവ് മുറിച്ചെടുക്കേണ്ടതാണെന്ന് രാജേന്ദ്രബാലാജി പറഞ്ഞു. ഭീകരവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, മുസ്ലിം എന്നോ ക്രിസ്റ്റിയന്‍ എന്നോ ഇല്ല. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കമല്‍ഹാസന്റെ പാര്‍ട്ടി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമല്‍ഹാസന്റെ ഓരോവാക്കുകളും വിഷം തുപ്പുന്നവയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് പാര്‍ട്ടി നിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കമല്‍ഹാസന്റെ പ്രസ്താവനയെ അപലപിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് വര്‍ഗ്ഗീയത പരത്തുകയാണ് കമല്‍ഹാസന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരെ നടപടിയെടുക്കണമെന്നും തമിഴ്‌നാട് ബി.ജെ.പി നേതാവായ തമിലിസായ് സൗന്ദരരാജന്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവാണെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്നും പേര്, ഗോഡ്‌സെ ആണെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ അരവകുറിശ്ശിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948ലെ ഗാന്ധിവധം ചൂണ്ടിക്കാട്ടിയായിരുന്നു കമല്‍ഹാസന്റെ പുതിയ പരാമര്‍ശം.
ഇത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല താനിതു പറയുന്നത്. ഗാന്ധി പ്രതിമക്കുമുന്നില്‍ നിന്നുകൊണ്ടാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. നല്ല ഇന്ത്യക്കാര്‍ എല്ലാവരുടേയും സമത്വത്തിന് വേണ്ടിയാണ് നിലനില്‍ക്കുക. മൂവര്‍ണ്ണപ്പതാക നിലനിര്‍ത്തുന്നതിനും അവര്‍ പരിശ്രമിക്കും. താനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇതിനെതിരെയാണ് തമിഴ്‌നാട് മന്ത്രിയും ബി.ജെ.പിയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.