ന്യുഡല്‍ഹി: തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഒന്നര മാസമായി നടത്തി വരുന്ന സമരത്തിന് താല്‍ക്കാലിക വിരാമം. മേയ് 25 വരെയാണ് സമരം താല്‍ക്കാലികമായി പിന്‍വലിച്ചതെന്ന് സമരനേതാക്കള്‍ അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് പിന്‍വാങ്ങല്‍.
സമരക്കാരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരത്തെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി പിന്‍വലിക്കുന്നത്.
കഴിഞ്ഞ മാസം 14 മുതലാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് ജന്തര്‍ മന്തറില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരം ആരംഭിച്ചത്. കര്‍ഷകര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക, കാവേരി നദിയിലെ നീരൊഴുക്ക് വര്‍ധിപ്പിക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ചെലവിന് ആനുപാതികമായി വില ലഭ്യനാക്കുക, കടം എഴുതിത്തള്ളുക, രാജ്യത്തെ നദികളെ ദേശസാല്‍ക്കരിക്കുക, നദികളെ ബന്ധിപ്പിച്ച് സ്മാര്‍ട്ട് ജലപാത പദ്ധതി നടപ്പാക്കണമെന്ന എ.സി കാമരാജിന്റെ ശുപാര്‍ശ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം തുടങ്ങിയത്.
കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാതെ തിരിച്ചുപോകില്ലെന്ന കടുത്ത തീരുമാനവുമായി തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടിയുമായാണ് ഇവര്‍ ജന്തര്‍ മന്തറില്‍ സമരത്തിനെത്തിയത്.
അതീവ സുരക്ഷ മേഖലയില്‍ വസ്ത്രം അഴിച്ചും നടുറോഡില്‍ കൊടുംവെയിലില്‍ ശയമപ്രദക്ഷിണം നടത്തിയും എലിയെയും പാമ്പിനെയും കടിച്ചുപിടിച്ചും മൂത്രം കുടിച്ചും മലം കഴിച്ചും ഇവര്‍ നടത്തിയ സമരമുറകള്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സമരക്കാരില്‍ ചിലര്‍ തലമുടിയും മീശയും പാതി വടിച്ചും പ്രതിഷേധിച്ചിരുന്നു.