X

കട്ടിപ്പാറയില്‍ കാര്‍ഷിക മേഖലക്ക് മാത്രം അരക്കോടി രൂപയുടെ നാശനഷ്ടം

താമരശ്ശേരി: മലയോര കുടിയേറ്റ മേഖലയായ കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ നിരവധി പേരുടെ ജീവനെടുത്തതിന് പുറമെ കര്‍ഷകരുടെ സ്വപ്‌നങ്ങളും തകര്‍ത്തെറിഞ്ഞു. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുപ്രകാരം കാര്‍ഷിക മേഖലക്ക് മാത്രം അരക്കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ഉരുള്‍പൊട്ടല്‍ നടന്ന കരിഞ്ചോല ഭാഗത്ത് 17 പേരുടെ 34.5 ഏക്കര്‍ കൃഷിസ്ഥലമാണ് നശിച്ചത്. ഇവിടെ മാത്രം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തെങ്ങ് , കുരുമുളക്, റബര്‍, കൊക്കോ തുടങ്ങിയ വിളകളാണ് പ്രധാനമായും നശിച്ചത്. ഗ്രാമപഞ്ചായത്തിലെ താഴ് വാരം, കാല്‍വരി ഭാഗങ്ങളിലായി എട്ടുപേരുടെ നാല് ഏക്കറും ചമല്‍ ഭാഗത്ത് നാലുപേരുടെ രണ്ട് ഏക്കറും കൃഷി സ്ഥലം നശിച്ചു. മൊത്തം 40.5 ഏക്കറിലായി അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൃഷി വകുപ്പിന്റെ കണക്കില്‍ പറയുന്നു.
റവന്യൂ വകുപ്പിന്റെ കണക്കു പ്രകാരം ഉരുള്‍പൊട്ടിയ പ്രദേശത്ത് ഏഴു വീടുകള്‍ പൂര്‍ണ്ണമായും 30 വീടുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. ഇവയുടെ മൂല്യം കണക്കാന്‍ ഗ്രാമപഞ്ചായത്ത് ഓവര്‍സിയറോട് ആവശ്യപ്പെട്ടതായി താലൂക്ക് തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീഖ് അറിയിച്ചു. ഇതുകൂടി ലഭിച്ചാല്‍ മാത്രമേ നാശത്തിന്റെ മൊത്തം കണക്ക് ലഭ്യമാവുകയുള്ളൂ.

chandrika: