കൊല്ലപ്പെട്ട ഷിബിലയുടെ പരാതി അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തി; താമരശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തിൽ ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെൻഷൻ. ഷിബില നൽകിയ പരാതി ഗൗരവമായി എടുത്ത് അന്വേഷിച്ചില്ലെന്ന് കാണിച്ചാണ് നടപടി. യാസിറിനെതിരെ പരാതി നൽകിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപണമുന്നയിച്ചിരുന്നു. പോലീസിനെതിരെ മനുഷ്വാവകാശ കമ്മീഷനും കേസെടുത്തു.

ഷിബില പരാതിയുമായി എത്തുമ്പോൾ സ്റ്റേഷൻ PRO ആയിരുന്നത് നൗഷാദ് ആയിരുന്നു. വേണ്ടത്ര ജാഗ്രത ഉദ്യോഗസ്ഥൻ ഈ കേസിൽ പുലർത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. ജനുവരി 28 നായിരുന്നു ഷിബില താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ യാസിറിനെതിരെ പരാതിയുമായി എത്തിയത്. പ്രശ്നം പരിഹരിക്കാൻ പൊലീസ് സഹായിച്ചില്ല. പൊലീസിൽ പരാതി നൽകിയപ്പോൾ സ്റ്റേഷനിലേക്ക് രണ്ട് കുടുംബങ്ങളെയും വിളിപ്പിക്കുകയായിരുന്നു. പിന്നീട് യാതൊരു നടപടിയും പൊലീസ് എടുത്തില്ലെന്നും കുടുംബം ആരോപിച്ചു.

ഇതേ തുടർന്ന് വകുപ്പ് തലത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗ്രേഡ് എസ് ഐ നൗഷാദിന് വീഴ്ചയുണ്ടായതായി കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ പറഞ്ഞിട്ടും കേസെടുക്കാനോ യാസിറിൻറെ വീട് പരിശോധിക്കാനോ തയ്യാറാകാതിരുന്നത് കൃത്യവിലോപമാണെന്നാണ് കണ്ടെത്തൽ ഇതേ തുടർന്നാണ് നൗഷാദിനെ സസ്‌പെൻഡ് ചെയ്തത്.

webdesk14:
whatsapp
line