X

താമരശ്ശേരി ചുരത്തില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

താമരശ്ശേരി ചുരത്തില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. വയനാട് പാറക്കൽ മുട്ടില്‍ പരിയാരം മരക്കാര്‍ വീട്ടില്‍ റഷീദ(35)യാണ് മരിച്ചത്. ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഒൻപതും പതിനാലും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്.

റഷീദയെ കൂടാതെ മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് ഷാന്‍, അസ്‌ലം, ജിംഷാദ്, മുഹമ്മദ് നിഷാദ്, റിയ, അസ്യ, ഷൈജല്‍ എന്നിവരാണ് കാറിലുണ്ടായിരുന്നവര്‍. റോഡില്‍ നിന്നും 200 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. ഫയര്‍ഫോഴ്‌സെത്തി വണ്ടി പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറ് മരത്തില്‍ തങ്ങി നില്‍ക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ കാറിനു മുകളിലേക്ക് ഒരു പനയും വീണിട്ടുണ്ട്. ക്രെയിന്‍ എത്തിച്ച് അഗ്നിരക്ഷാസേനയുടേയും ചുരം സംരക്ഷണസമിതിയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.ചുരത്തിൻ്റെ സംരക്ഷണ ഭിത്തിയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയായിരുന്നു അപകടം.

 

webdesk15: