കാബൂള്‍: ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതോടെ താലിബാന്‍ പോരാട്ടം പുനരാംരഭിച്ചു. അഫ്ഗാന്‍ ഭരണകൂടം 10 ദിവസം കൂടി വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചെങ്കിലും അക്രമത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള താലിബാന്റെ തീരുമാനം സമാധാന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. അമേരിക്കയുമായി മാത്രമേ തങ്ങള്‍ നേരിട്ട് ചര്‍ച്ച നടത്തൂ എന്ന നിലപാട് താലിബാന്‍ ഇന്നലെയും ആവര്‍ത്തിച്ചു. വിദേശ സേനകള്‍ അഫ്ഗാന്‍ വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിദേശ അധിനിവേശ സേനകള്‍ക്കും അവരുടെ പാവ ഭരണകൂടത്തിനുമെതിരെ പോരാട്ട പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാക്കുമെന്ന് താലിബാന്‍ വക്താവ് സഹീഹുല്ല മുജാഹിദ് പറഞ്ഞു. ഭരണകൂടം ചെയ്തതുപോലെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടണമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി താലിബാനോട് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനില്‍ സമാധാന പ്രതീക്ഷകള്‍ക്ക് തിരികൊളുത്തിയാണ് ഈദുല്‍ ഫിത്വര്‍ കടന്നുപോയത്.
പെരുന്നാള്‍ ദിനത്തില്‍ രാജ്യത്തെ പള്ളികളില്‍ അഫ്ഗാന്‍ സൈനികരും താലിബാന്‍ പോരാളികളും സാധാരണക്കാരും ഒന്നിച്ച് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തത് ആഹ്ലാദകരമായ മുഹൂര്‍ത്തങ്ങളൊരുക്കി. സൈനികരും പോരാളികളും ആശ്ലേഷിച്ച് സ്‌നേഹം കൈമാറിയത് നിറകണ്ണുകളോടെയാണ് സാധാരണക്കാര്‍ കണ്ടുനിന്നത്. ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ ചാവറാക്രമണം നടത്തി 36ലേറെ പേരെ കൊലപ്പെടുത്തിയെങ്കിലും വെടിനിര്‍ത്തല്‍ വിജയകരമായിരുന്നു.
ഭയപ്പെടാതെ ഈദ് ആഘോഷിക്കാന്‍ സാധിച്ചുവെന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് ജലാലാബാദ് സ്വദേശി സാഹിര്‍ ഖാന്‍ പറഞ്ഞു. ‘ഈദ് ദിനത്തില്‍ എല്ലാവരും ഒന്നിച്ചപ്പോള്‍ ഐ.എസ് ജനങ്ങളെ കരയിച്ചു. ഈ രാജ്യത്ത് സമാധാനം കൈവരിക്കാന്‍ എളുപ്പം സാധിക്കില്ല’-എന്നായിരുന്നു കാബൂള്‍ സ്വദേശിയായ നിക്‌സാദിന്റെ പ്രതികരണം.